അമേരിക്കൻ പലിശ നിരക്കിൽ വന്ന ഇളവ്, എണ്ണ വിലയിലെ നേരിയ ഇടിവ്, യുഎസ് -ചൈന വ്യാപാര ബന്ധത്തിലെ മഞ്ഞുരുകൽ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വൻതോതിലുള്ള വാങ്ങൽ, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മുൻനിര കമ്പനികളുടെ വിപണി പ്രതീക്ഷയുടെ അടുത്തെത്തിയ രണ്ടാം പാദഫലങ്ങൾ എന്നിവയെല്ലാം വിപണിക്ക് അനുകൂലമായ സാഹചര്യങ്ങളായിരുന്നു. എന്നാൽ, ഈ അനുകൂല ഘടകങ്ങൾ വിപണി നേരത്തെതന്നെ ആഗിരണം ചെയ്തെന്നും അതുകൊണ്ടാണ് ബുധനാഴ്ച വിപണി ഉയരത്തിലേക്ക് എത്തിയതെന്നും വിദഗ്ധർ വിലയിരുത്തുന്നു.
അമേരിക്കൻ സർക്കാർ വകുപ്പുകൾ നിശ്ചലമായതുകൊണ്ട് സ്ഥിതിവിവര കണക്കുകൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ, ഈ വർഷം ഇനിയും പലിശ ഇളവിന് സാധ്യതയില്ലെന്ന ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവലിന്റെ പ്രസ്താവന വിപണിയെ നിരാശരാക്കി.
അമേരിക്കയിലെ തൊഴിൽ രഹിതരുടെ ഉയരുന്ന എണ്ണവും വർധിക്കുന്ന പണപ്പെരുപ്പവും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
കൂടാതെ, ഇതുവരെ വന്ന രണ്ടാം പാദ ഫലങ്ങൾ സമ്മിശ്രമാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ സ്ഥിരമായി താഴ്ന്നു നിൽക്കുന്നതും അപകടമാണ്.
ഈ പശ്ചാത്തലത്തിലാണ് മുൻനിര നിക്ഷേപകർ വലിയ വിൽപനയിലേക്ക് നീങ്ങിയത്. അതോടെ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ആഴ്ചയിൽ, സെൻസെക്സിനു 273 പോയിന്റും നിഫ്റ്റിക്കു 73 പോയിന്റും നഷ്ടമുണ്ടായി.
ദീർഘകാലമായി ഇറക്കത്തിലായിരുന്ന വിപണി വലിയ തിരിച്ചു വരവ് നടത്തിയപ്പോൾ വൻകിട
നിക്ഷേപകർ അത് മോണിറ്റൈസ് ചെയ്യുകയായിരുന്നുവെന്ന് വിലയിരുത്തുന്ന നിരീക്ഷകരുമുണ്ട്. വിപണിയിലെ ഈ നീക്കങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്ത ചെറുകിട
നിക്ഷേപകരെ ഇതു ദോഷകരമായി ബാധിക്കും. വൻകിട
നിക്ഷേപകർ വിപണി അവർ ലക്ഷ്യമിട്ട നിലയിലേക്ക് താഴ്ന്നു കഴിയുമ്പോൾ വീണ്ടും വാങ്ങലിലേക്കു തിരിച്ചുവരുമെന്ന് അവർ പറയുന്നു.
ഇടയ്ക്കിടെ നഷ്ടങ്ങളുടെ ദിവസങ്ങൾ ഉണ്ടായിരുന്നെങ്കിലും ശക്തമായ വിപണി സമ്മാനിച്ചു കൊണ്ടാണ് 2025 ലെ ഒക്ടോബർ ചരിത്രത്തിലേക്കു മറഞ്ഞത്.
സെൻസെക്സ് 3,860 പോയിന്റും (4.6%), നിഫ്റ്റി 1,157 പോയിന്റും ( 4.5%) നേട്ടമുണ്ടാക്കുന്നതിന് ഒക്ടോബർ സാക്ഷിയായി. ഒക്ടോബർ 31നു സെൻസെക്സ് 466 പോയിന്റ് നഷ്ടത്തിൽ 83,959ലും നിഫ്റ്റി 156 പോയിന്റ് താഴ്ന്ന് 25,722 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ 7 മാസത്തെ നല്ല പ്രകടനമാണ് ഒക്ടോബറിലേത്.
വൻകിട നിക്ഷേപകർ ലാഭമെടുപ്പ് തുടരുമെന്നതിനാൽ ഈ ആഴ്ചയും സൂചികകൾ താഴേക്ക് പോകാനാണ് സാധ്യത.
നിഫ്റ്റി 25, 600 ൽ നിന്നാൽ മാത്രമേ, ഇപ്പോഴും വിപണിക്കുള്ള കുതിപ്പിന്റെ ഊർജം നില നിർത്താൻ കഴിയൂ. അതിലും താഴേക്കു പോവുകയാണെകിൽ വിപണി വീണ്ടും ഇറക്കത്തിലേക്കു പോകും.
എന്നാൽ ഇപ്പോഴത്തെ അവസ്ഥ വച്ച് ഈ ആഴ്ച നിഫ്റ്റി 25,525 – 25,850 നിലയിൽ ആയിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ വിപണി വീണ്ടും വിൽപനയുടെ കളത്തിലേക്ക് മാറും.
കഴിഞ്ഞ 28 മാസമായി ആഭ്യന്തര സ്ഥാപന നിക്ഷേപകർ തുടരുന്ന വാങ്ങൽ അതേരീതിയിൽ തുടരുകയും കഴിഞ്ഞ ആഴ്ചകളിലേതുപോലെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾക്ക് ആവശ്യം വർധിക്കുകയും ഓയിൽ ആൻഡ് ഗ്യാസ് മേഖല കുതിപ്പു തുടരുകയും ചെയ്താൽ വിപണി അധികം താഴാൻ ഇടയില്ല.
അമേരിക്കയുടെയും യൂറോപ്പിലെയും ഏഷ്യയിലെയും ഈ ആഴ്ച വരുന്ന പിഎംഐ (പർച്ചേസ് മാനേജർസ് ഇൻഡക്സ്), പലിശ ഇളവിനെ കുറിച്ചുള്ള ബാങ്ക് ഓഫ് യൂറോപ്പിന്റെ തീരുമാനം, ഞായറാഴ്ച നടന്ന ഒപെക് യോഗത്തിന്റെ തീരുമാനങ്ങൾ, ഡോളർ ഇൻഡക്സ്, രൂപയുടെ മൂല്യം എന്നിവയും ഈ ആഴ്ചയിലെ വിപണിയുടെ ഗതി നിയന്ത്രിക്കുന്നതിൽ വലിയ ഘടകങ്ങളാകും.
ജിഎസ്ടി നിരക്കുകൾ ലഘൂകരിച്ചിട്ടും നികുതി വരവിൽ വലിയ കുറവില്ലെന്നാണ് ഒക്ടോബറിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കണക്കനുസരിച്ചു ഒക്ടോബറിലെ മൊത്ത ജിഎസ്ടി വരവ് 1.95 ലക്ഷം കോടിയാണ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ മാസത്തിലെ വരവിനെക്കാൾ 4.60% കൂടുതലാണ്.
ഓട്ടമൊബീൽ കമ്പനികൾ ഒക്ടോബറിൽ പുറത്തുവിട്ട വിൽപനക്കണക്കുകൾ മികച്ചതാണ്.
550 ലധികം കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ ഈ ആഴ്ച പുറത്തുവരും. വിപണിയുടെ ട്രെൻഡ് നിശ്ചയിക്കാൻ കരുത്തുള്ളതാണ് ഇതിൽ പലതും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

