പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ മദ്യപിച്ചെത്തുകയും ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
ഇതിനിടയിലാണ് ഈ ഉദ്യോഗസ്ഥർ മദ്യലഹരിയിൽ പങ്കെടുത്തത്. ആഘോഷത്തിനിടയിൽ സ്റ്റേഷനിലെത്തിയ റൂറൽ എസ്പിയെ കണ്ട് ഉദ്യോഗസ്ഥർ പ്രോട്ടോക്കോൾ മറക്കുകയായിരുന്നു.
മേലുദ്യോഗസ്ഥനെ കണ്ട പരിഭ്രാന്തിയിൽ സല്യൂട്ട് ചെയ്യാൻ പോലും ഇവർ തയാറായില്ല.
പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഇവരിലൊരാൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന എസ്പിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി.
മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല. എങ്കിലും മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ വിശദമായ വകുപ്പ് തല അന്വേഷണവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

