ഏതുവിധേനയും പാക്കിസ്ഥാനിൽ നിന്ന് ‘രക്ഷപ്പെടാനുള്ള’ തിടുക്കത്തിലാണ് വിദേശ കമ്പനികൾ. സോഫ്റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റ്, എണ്ണക്കമ്പനിയായ ഷെൽ, ഊർജവിതരണ രംഗത്തെ പ്രമുഖരായ ടോട്ടൽ എനർജീസ്, ടെലികോം രംഗത്തെ ടെലിനോർ, മരുന്ന് നിർമാതാക്കളായ ഫൈസർ തുടങ്ങിയവ കളംവിട്ടുകഴിഞ്ഞു.
പാക്കിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിച്ച് പടിയിറങ്ങിയ ഇവ ഇനിയൊരു മടങ്ങിവരവ് തൽക്കാലമില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
എന്തുകൊണ്ടാണ് മൾട്ടിനാഷനൽ കമ്പനികൾ പാക്കിസ്ഥാനെ കൈവിടുന്നത്?
വർഷങ്ങളായി കുത്തഴിഞ്ഞ സമ്പദ്വ്യവസ്ഥയാണ് പാക്കിസ്ഥാൻ. പരിഹരിക്കാനാവാത്തവിധം പ്രതിസന്ധിയിലേക്കു വീണ, പരാജയപ്പെട്ട
സമ്പദ്വ്യവസ്ഥയായി പാക്കിസ്ഥാൻ മാറിയെന്ന് നിരീക്ഷകർ പറയുന്നു. ഐഎംഎഫിൽ നിന്നും ലോകബാങ്കിൽ നിന്നും ചൈന, സൗദി അറേബ്യ തുടങ്ങിയ സുഹൃദ് രാജ്യങ്ങളിൽ നിന്നും കടംവാങ്ങിയാണ് സർക്കാരിന്റെ ദൈനംദിന പ്രവർത്തനം.
ഇതിനിടെ ഇന്ത്യ വിജയകരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരും’ പാക്കിസ്ഥാനെ ഉലച്ചു.
തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനുമായും സംഘർഷത്തിലായത് പാക്കിസ്ഥാന് തിരിച്ചടിയായി. കരകയറ്റത്തിന്റെ സൂചനപോലും ഇല്ലാതെ വീഴ്ചയിലേക്ക് കൂടുതൽ കൂപ്പുകുത്തുന്ന സമ്പദ്വ്യവസ്ഥ, ഒട്ടും സൗഹൃദമല്ലാത്ത ബിസിനസ് സംസ്കാരം, നിയമത്തിന്റെ നൂലാമാലകൾ, രാഷ്ട്രീയ അസ്ഥിരത, അയൽരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ എന്നിവ വിദേശനിക്ഷേപകർക്ക് പാക്കിസ്ഥാനുമേലുള്ള വിശ്വാസത്തെ തകർത്തു.
വിദേശ കമ്പനികൾക്ക് അനാകർഷകമായവിധം പാക്കിസ്ഥാന്റെ വിപണി മാറിക്കഴിഞ്ഞെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിച്ചത്. പ്രോക്ടർ ആൻഡ് ഗാംബിളും (പി ആൻഡ് ജി) പടിയിറങ്ങിയത് സമീപകാലത്ത്.
ടോട്ടൽ എനർജീസ് പാക്കിസ്ഥാനിലെ ബിസിനസ് സിംഗപ്പുർ ആസ്ഥാനമായ ഗൻവോർ ഗ്രൂപ്പിന് കൈമാറി. ടെലിനോർ ആദ്യം ബിസിനസ് പാക്കിസ്ഥാൻ ടെലികോം കമ്പനിക്ക് വിൽക്കാനാണ് ശ്രമിച്ചതെങ്കിലും റഗുലേറ്റർമാരുടെ അനുമതി കിട്ടാൻ വൈകി.
പിന്നാലെ കമ്പനി പ്രവർത്തനം നിർത്തി. സൗദിയിലെ വാഫി എനർജിക്ക് ബിസിനസ് കൈമാറിയാണ് എണ്ണക്കമ്പനി ഷെൽ പാക്കിസ്ഥാനിൽനിന്ന് പറന്നത്.
ടെക്നോളജി, ഊർജം, എഫ്എംസിജി, ഫാർമ, ടെലികോം തുടങ്ങി ഒട്ടുമിക്ക മേഖലകളിൽനിന്നും വിദേശ കമ്പനികൾ കളംവിടുന്നത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
മോശം അടിസ്ഥാനസൗകര്യം, വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത, സർക്കാർതലത്തിൽ നിന്നുകിട്ടേണ്ട അനുമതികൾക്ക് നേരിടുന്ന കാലതാമസം എന്നിവയും വിദേശ കമ്പനികളെ അലോസരപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വിൽപന നികുതിയും ആദായനികുതിയും വെട്ടിക്കുറച്ച് കമ്പനികളെ പിടിച്ചുനിർത്താനാണ് ഇപ്പോൾ പാക്ക് സർക്കാർ ആലോചിക്കുന്നത്.
വൻകിട കമ്പനികൾ കളംവിടുന്നത് വിദഗ്ധരായ തൊഴിലാളികളും രാജ്യംവിടാൻ വഴിയൊരുക്കുമെന്ന ആഘാതവും നേരിടുകയാണ് പാക്കിസ്ഥാൻ.
നിലവിൽതന്നെ 27,600 കോടി പാക്കിസ്ഥാനി റുപ്പിയുടെ ഇടിവ് സർക്കാർ നികുതിവരുമാനത്തിൽ നേരിടുന്നുണ്ട്. വീണ്ടും നികുതി കുറയ്ക്കുന്നത് ‘സെൽഫ് ഗോൾ’ ആകുമെങ്കിലും മറ്റുവഴികളില്ലെന്നാണ് വിലയിരുത്തൽ.
നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നിർദേശിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഉയർന്ന വ്യക്തിഗത ആദായനികുതി 45 ശതമാനമാണ്. ഇത് 25 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ആലോചന.
കോർപറേറ്റ് നികുതി 29ൽ നിന്ന് 25 ശതമാനവുമാക്കും. 10% സൂപ്പർ നികുതി ഈടാക്കുന്നത് നിർത്തും.
വിൽപന നികുതി 18ൽ നിന്ന് 15 ശതമാനത്തിലേക്കും കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പാക്കിസ്ഥാനിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം 78 ലക്ഷത്തിൽനിന്ന് 59 ലക്ഷത്തിലേക്ക് അടുത്തിടെ ഇടിഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

