ഒരിക്കൽ പടിയിറങ്ങിയ കമ്പനിയിലേക്ക് വീണ്ടും ജോലിക്ക് പോകാൻ ആരെങ്കിലും ആഗ്രഹിക്കുമോ? നല്ല ഓർമകൾ നൽകിയ സ്ഥാപനങ്ങളാണെങ്കിൽ തീർച്ചയായും പോകും എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ഒരിക്കൽ താൻ പിരിച്ചുവിട്ട
ജീവനക്കാരോട് തിരികെ എത്താൻ ആവശ്യപ്പെട്ട് ഒരു സംരംഭകൻ എഴുതിയ കത്താണ് ഇപ്പോൾ കോർപറേറ്റ് ലോകത്തെ ചര്‍ച്ച. ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയലാണ് കമ്പനിയിലെ മുൻ ജീവനക്കാർ തിരികെ വരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്.
കോർപറേറ്റ് ലോകത്ത് വലിയ പിരിച്ചു വിടലുകൾ നടക്കുന്ന കാലത്ത് ഒരു സംരംഭകൻ മറിച്ച് ചിന്തിച്ചതാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.
മുൻകാലങ്ങളിൽ താനും സൊമാറ്റോയും പലർക്കും അനുയോജ്യമായ രീതിയിലായിരുന്നില്ല പ്രവർത്തിച്ചതെന്ന് ഗോയൽ പറഞ്ഞു. നിലവിൽ ഏറ്റേണലിന് കീഴിൽ കമ്പനി മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്.
അതുകൊണ്ട് മുൻ കാലങ്ങളിൽ സൊമാറ്റോയുടെ ഭാഗമായിരുന്നവർ, അതിനി താൻ പിരിച്ചുവിട്ടവരായാലും, തിരികെ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കൽ കമ്പനി വിട്ട
ശേഷം തിരിച്ചെത്തിയ 400 ലധികം പേർ ഇന്ന് സൊമാറ്റോയിലുണ്ട്. ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ല.
എറ്റേണലിന് കീഴില്‍ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
If you used to work at Zomato, whether you chose to move on, or I was the one who asked you to leave, this is for you. I know that for many of you, Zomato didn’t have the environment, or the leadership you needed at the time.
But I know for sure, that you loved being at Zomato,…
ഇന്ന് സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്ട്, നഗ്ഗറ്റ്, ഫീഡിങ് ഇന്ത്യ തുടങ്ങിയ പല കമ്പനികളാണ് എറ്റേണലിന് കീഴിലുള്ളത്. എന്തെങ്കിലും ബാക്കിയാക്കിയാണ് എറ്റേണലിന്റെ പടിയിറങ്ങിയതെന്ന് ചിന്തിക്കുന്നവർക്ക് മടങ്ങിവരാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ഗോയലിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളും രസകരമാണ്.
സൊമാറ്റോയിൽ തിരികെ എത്താൻ തയാറാണെന്ന് മുൻ ജീവനക്കാരുടേതെന്ന പേരിൽ ചില കമന്റുകളാണ് ഇവയിൽ ചിലത്. ദീപേന്ദർ ഗോയലിന്റെ നേതൃപാടവത്തെ പുകഴ്ത്തുന്നവരും ഏറെയാണ്.
ഇന്നത്തെ കാലത്ത് പല സംരംഭകരും മടിക്കുന്ന കാര്യമാണ് ഗോയൽ ചെയ്തത്. തെറ്റു പറ്റിയെന്ന് മനസിലാക്കാനും അതു തിരുത്താനും തയാറാകുന്നത് മികച്ച തീരുമാനമാണെന്നും ചിലർ പറയുന്നു.
എന്നാൽ കമ്പനിക്ക് ആവശ്യമില്ലാത്തപ്പോൾ പുറത്താക്കുകയും പിന്നീട് തിരികെ വിളിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
സൊമാറ്റോയിലെ തൊഴിൽ സാഹചര്യം മികച്ചതല്ലെന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്. ചർച്ച ഇങ്ങനെ കൊഴുക്കുന്നതിനിടയിൽ, കോർപറേറ്റ് ലോകത്ത് ബൂമറാങ് ട്രെൻഡ് വ്യാപകമാകുന്നെന്ന ചില അഭിപ്രായങ്ങളും ഉയർന്നു.
എന്താണ് ബൂമറാങ് ഇഫക്ട്
ഒരിക്കല്‍ കമ്പനിയിൽ നിന്ന് പിരിഞ്ഞുപോയ ജീവനക്കാരൻ പിന്നീട് തിരികെ എത്തുന്ന പ്രവണതയാണ് ബൂമറാങ് ഇഫക്ട്.
ഇത്തരം ജീവനക്കാരെ ബൂമറാങ് എംപ്ലോയി എന്നും വിളിക്കും. മുൻകാലങ്ങളിൽ പല കമ്പനികളും ഇത് പ്രോത്സാഹിപ്പിച്ചിരുന്നില്ല.
എന്നാൽ ഇന്ന് കോർപറേറ്റ് ലോകത്ത് ഇത് സാധാരണമാണെന്ന് എച്ച് ആർ മേഖലയിലുള്ളവർ പറയുന്നു. പിരിഞ്ഞു പോയവർ മറ്റ് കമ്പനികളിൽ നിന്ന് ആർജിച്ച പ്രവര്‍ത്തി പരിചയവുമായാണ് തിരികെ എത്തുന്നതെന്ന ചിന്തയാണ് കമ്പനികളുടെ സമീപനത്തിൽ മാറ്റമുണ്ടാക്കിയത്.
കമ്പനിയിലെ പ്രവർത്തന രീതികൾ അറിയാമെന്നതും വലിയ പരിശീലനത്തിന്റെ ആവശ്യമില്ലാത്തതും ബൂമറാങ് ജീവനക്കാർക്കുള്ള നേട്ടങ്ങളാണ്. പല ടെക് കമ്പനികളിലെയും നാലിലൊന്ന് നിയമനങ്ങളെങ്കിലും ഇത്തരത്തിലാണെന്നാണ് റിപ്പോർട്ട്.
ട്രെൻഡ് മാറി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് ഈ ട്രെൻഡ് കൂടുതൽ വ്യാപകമാക്കി.
അടുത്തിടെ തങ്ങളുടെ എഐ ടീമിലേക്ക് ഗൂഗിൾ മുൻ ജീവനക്കാർക്ക് പുനർ നിയമനം നൽകിയിരുന്നു. പല രാജ്യാന്തര കമ്പനികളും രാജി വച്ച് പോകുന്ന ജീവനക്കാരുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ടെന്നും ആവശ്യമെങ്കിൽ തിരികെ വിളിക്കാറുണ്ടെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് പിരിച്ചുവിട്ട ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറെ പ്രൊമോഷനോടു കൂടി ഫേസ്ബുക്ക് തിരികെ വിളിച്ചതും അടുത്തിടെ വാർത്തയായിരുന്നു.
ഇന്ത്യയിലെ പല സോഫ്റ്റ്വെയർ കമ്പനികളും ഈ രീതി പിന്തുടരാറുണ്ട്.
പക്ഷേ ചില നിബന്ധനകൾക്ക് വിധേയമാണെന്ന് മാത്രം. ജീവനക്കാരുടെ മുൻകാല പ്രകടനങ്ങൾ, പ്രാഗൽഭ്യം, എത്രകാലം കഴിഞ്ഞാണ് തിരികെ എത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് പലരും പരിഗണിക്കുന്നത്.
എന്നുവച്ചാൽ നല്ല രീതിയിൽ ജോലിയിൽ നിന്ന് പിരിഞ്ഞാൽ അതേ സ്ഥാനത്തേക്ക്, ചിലപ്പോൾ ശമ്പള വർധനയോടെ, തിരികെ എത്താനുള്ള സാധ്യതയുണ്ടെന്ന് സാരം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

