ഇറാനിൽ രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ട് യുവാക്കൾ നടത്തുന്ന പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കറൻസി തകർച്ചയും കത്തിക്കയറിയ പണപ്പെരുപ്പവുമാണ് പ്രതിഷേധത്തിന് വഴിവച്ചതെങ്കിലും അതു മെല്ലെ ഭരണകൂടത്തിന്റെ മാറ്റത്തിനുള്ള ആക്രോശത്തിലേക്ക് വഴിമാറിയിട്ടുണ്ട്.
പരമോന്നത നേതാവ് ഖമനയി ഉൾപ്പെടെയുള്ളവർ രാജ്യം വിടണമെന്ന ആവശ്യം ശക്തം.
ഇറാനിൽ പണപ്പെരുപ്പം 72 ശതമാനമാണ്. ഇന്ത്യയിൽ ഒരു ശതമാനത്തിനടുത്തേയുള്ളൂ എന്ന് ഓർക്കണം.
ഉപഭോക്താവ് ഒരു ഉൽപന്ന/സേവനത്തിന് കഴിഞ്ഞവർഷം വാങ്ങിയപ്പോൾ നൽകിയ വിലയും ഇപ്പോൾ നൽകുന്ന വിലയും തമ്മിലെ അന്തരമാണ് പണപ്പെരുപ്പം. ശരാശരി 72% വിലവർധിച്ചുവെന്ന കണക്കിൽ നിന്നുതന്നെ ഇറാൻ ജനത നേരിടുന്ന പ്രതിസന്ധി വ്യക്തം.
കറൻസിയായ ഇറാനിയൻ റിയാലിന്റെ മൂല്യം തകർന്നടിഞ്ഞതും ജനങ്ങളെയും കമ്പനികളെയും വലയ്ക്കുന്നു.
തകർന്നടിഞ്ഞ് റിയാൽ
ഔദ്യോഗിക കണക്കുപ്രകാരം ഒരു യുഎസ് ഡോളറിന് 42,000 റിയാൽ ആണ് എക്സ്ചേഞ്ച് റേറ്റ് ഇറാൻ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഈ നിരക്കിൽ അവിടെ ഡോളർ കിട്ടില്ല.
പുതിയ കണക്കുകൾ പ്രകാരം ഒരു ഡോളർ കിട്ടാൻ 14.2 ലക്ഷം റിയാലെങ്കിലും കൊടുക്കണം. കറൻസിയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പവും തടയാനായി അടുത്തിടെ റിയാലിൽ നിന്ന് 4 പൂജ്യങ്ങൾ വെട്ടിക്കളയാൻ ഇറാൻ തീരുമാനിച്ചെങ്കിലും ഗുണമുണ്ടായിട്ടില്ല.
ഇറാനിലെ 31 പ്രവിശ്യകളിൽ 17ലും പ്രതിഷേധം ശക്തമാണ്.
വിദ്യാർഥികളും പ്രതിഷേധരംഗത്തുണ്ടെന്നത് അധികൃതരെ വെട്ടിലാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർക്കാർക്കെതിരെ വെടിയുതിർത്താൽ അമേരിക്ക കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനകം വെടിവയ്പ്പിൽ 3 പേർ മരിച്ചെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
ആണവായുധ നിർമാണം, ഹൂതികൾക്കും മറ്റും സാമ്പത്തിക, ആയുധ പിന്തുണ തുടങ്ങിയ ഇറാൻ ഭരണകൂടത്തിന്റെ നടപടികളോടുള്ള എതിർപ്പുമൂലം അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ കടുത്ത ഉപരോധമാണ് ഇറാനെ സാമ്പത്തികമായി താറുമാറാക്കുന്നത്.
22കാരിയുടെ കസ്റ്റഡി മരണം
ഇറാന്റെ വരുമാനത്തിന്റെ നട്ടെല്ലായിരുന്നു എണ്ണ കയറ്റുമതി. ഉപരോധം മൂലം പല രാജ്യങ്ങളും ഇറാനിയൻ എണ്ണ വാങ്ങാതായി.
ഇന്ത്യയും ഇറക്കുമതി പൂർണമായും നിർത്തി. മറ്റു രാജ്യങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും പ്രയാസം നേരിട്ടതോടെയാണ് ഇറാനിൽ പണപ്പെരുപ്പം പരിധിലംഘിച്ച് കുതിച്ചത്.
നേരത്തേ, 2022ലും സമാനമായ പ്രതിഷേധം ഇറാനിൽ കത്തിപ്പടർന്നിരുന്നെങ്കിലും അടിച്ചമർത്തിയിരുന്നു.
ഹിജാബ് ധരിക്കാത്തതിന് പിടിക്കപ്പെട്ട മഹ്സ അമീനി എന്ന 22കാരി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതായിരുന്നു പ്രതിഷേധത്തിന് ഇടയാക്കിയത്.
മഹ്സയുടെ സംസ്കാര ചടങ്ങിൽ നിരവധി സ്ത്രീകൾ ഹിജാബ് ധരിക്കാതെ പ്രതിഷേധിച്ചു.
പ്രതിഷേധക്കാരെ അടിച്ചമർത്തിയ ഇറാൻ ഭരണകൂടം 10,000ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎൻ നടത്തിയ അന്വേഷണത്തിൽ ഇറാൻ മനുഷ്യാവകാശം ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു.
ഖമനയിക്ക് പകരമാര്?
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയി ഇതുവരെ പ്രതിഷേധങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങളുമുണ്ട്. ഫലത്തിൽ, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ സ്വാഭാവികമായ ഭരണമാറ്റമാണ് ഏവരും പ്രതീക്ഷിക്കുന്നത്.
2025ന്റെ തുടക്കത്തിൽ ഖമനയി 3 പേരെ തന്റെ പിൻഗാമികളാക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നു. ഇതിൽ നിന്ന് മകൻ മൊജ്താബയെ ഒഴിവാക്കി.
പിൻഗാമിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസി 2024ൽ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
3 പേരുടെ ചുരുക്കപ്പട്ടിക തയാറാണെങ്കിലും അവർക്കാർക്കും ജനപിന്തുണയില്ല. ഇറാനെ ശക്തമായി അവർക്ക് നയിക്കാനാകുമെന്ന് കരുതുന്നവരും വിരളം.
നിലവിലെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നയാളാണ്. ഇറാനിയൻ കറൻസിയുടെ മൂല്യം ക്രമീകരിക്കാനുള്ള നീക്കം സജീവമാക്കിയതും പെസെഷ്കിയൻ ആയിരുന്നു.
പക്ഷേ, പല നടപടികളും ഫലം കണ്ടില്ലെന്നത് അദ്ദേഹത്തിനും തിരിച്ചടിയായി.
ഇന്ത്യയ്ക്കും ആശങ്ക
ഇറാനിലെ ചബഹാറിൽ വൻ നിക്ഷേപമൊഴുക്കി ഇന്ത്യ സജ്ജമാക്കിയ തുറമുഖത്തിന്റെ പ്രവർത്തനത്തിനും പ്രതിഷേധങ്ങൾ ഭീഷണിയാവുകയാണ്. ഇറാനുമേലുള്ള ഉപരോധം അടുത്തിടെ അമേരിക്ക ചബഹാറിനും ബാധകമാക്കിയെങ്കിലും പിന്നീട് ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചിരുന്നു.
അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാനും ഉപരോധം ഒഴിവാക്കാനും ചർച്ചകളിലൂടെ ശ്രമിക്കുകയാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മൊഹമ്മദ് ഫത്താലി ഒരു മാധ്യമത്തോട് പറഞ്ഞു.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ. രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാർ കരാർ) സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും നേരത്തേ ഒപ്പുവച്ചതോടെയാണ്, ഇന്ത്യ ചബഹാറിൽ കൂടുതൽ ശ്രദ്ധയൂന്നിയത്.
2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിലായിരുന്നു അത്.
ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിൽ ഇന്ത്യ നിർണായക പങ്കാളിയുമായി.
2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐജിപിഎൽ) തുറമുഖത്തിന്റെ നിയന്ത്രണം.
ചബഹാറിലേക്കുള്ള വഴി
2014ൽ തന്നെ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വർഷ കരാറിൽ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു. തുറമുഖത്തിനും ഉപരോധം വന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളും തുലാസിലായിരുന്നു.
പാക്കിസ്ഥാനെ ആശ്രയിക്കാതെ, അഫ്ഗാനിലേക്ക് ഇന്ത്യയ്ക്ക് നേരിട്ടെത്താവുന്ന പ്രവേശനകവാടമാണ് ചബഹാർ.
ഇറാൻ, റഷ്യ, മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുമായും ഇന്ത്യയ്ക്ക് എളുപ്പത്തിൽ വ്യാപാരം നടത്താൻ ചബഹാർ സഹായകമാണ്. യൂറോപ്പിലേക്കുള്ള ചരക്കുനീക്കവും ഇതുവഴി ഇന്ത്യ നടത്തുന്നുണ്ട്.
5ക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയർത്തുകയാണ് ചബഹാറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ.
നിലവിൽ ശേഷി ഒരുലക്ഷം ടിഇയു ആണ്. പുറമേ, ചബഹാറിൽ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയും നിർമിക്കുന്നുണ്ട്.
ഇരു പദ്ധതികളും ഈ വർഷം മധ്യത്തോടെ യാഥാർഥ്യമാക്കാനാണ് ശ്രമം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

