ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുന്നതിനുള്ള യാതൊരു നിർദേശവും നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ രേഖാമൂലം അറിയിച്ചു. കേന്ദ്ര ബജറ്റിനോടുബന്ധിച്ച് വീണ്ടും ബാങ്ക് ലയനങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാരിന്റെ വിശദീകരണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ.
2017ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കുകയും ചെയ്തു.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽകരിക്കാനുള്ള നീക്കവുമില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനു മറുപടിയായി ധന സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
എന്നാൽ 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരിവിൽപനയിലൂടെ സ്വകാര്യവൽകരിച്ചതുവഴി പ്രകടനം മെച്ചപ്പെട്ടുവെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
നിലവിൽ പൊതുമേഖലയിലുള്ള 12 ബാങ്കുകളിൽ ഒന്നുപോലും ‘മെഗാ ബാങ്കുകൾ’ അല്ല. ലോകത്തെ ഏറ്റവും വലിയ 40 ബാങ്കുകളിൽ ഇന്ത്യയിൽ നിന്ന് ഒന്നുപോലുമില്ല.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് സമീപകാല കണക്കുകൾ പ്രകാരം 47-ാം സ്ഥാനമാണുള്ളത്. ഈ സാഹചര്യത്തിൽ, രാജ്യത്തെ നിലവിലെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് മെഗാ ബാങ്കുകളെ സൃഷ്ടിക്കാനാണ് കേന്ദ്ര നീക്കമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
നിലവിൽ ബാങ്ക് ലയനം പരിഗണനയിലില്ലെന്ന് പറയുമ്പോഴും 2026-27ഓടെ ലയനം നടപ്പാക്കി എണ്ണം 3-4 ആയി ചുരുക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. ലോകത്തെ ആദ്യ 20 ബാങ്കുകളുടെ കൂട്ടത്തിലേക്ക് ഇന്ത്യയിലെ രണ്ടുപൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരികയാണ് ലക്ഷ്യം.
നിതി ആയോഗ് മുന്നോട്ടുവച്ച ലയന നിർദേശത്തിന്റെ നടപടികളിലേക്ക് ധനമന്ത്രാലയം കടന്നിരുന്നു. ലയനം വീണ്ടും നടപ്പാക്കാനുള്ള നീക്കത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ബാങ്കുകളുടെ ലയന സാധ്യത ഇങ്ങനെ:
∙എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിൽ മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കാം.
∙ ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിലും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിലും ലയിപ്പിച്ചേക്കും.
∙ ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി നിലനിർത്താനും സാധ്യതയുണ്ട്.
എന്തിന് ബാങ്ക് ലയനം?
അടിസ്ഥാന സൗകര്യം, മാനുഫാക്ചറിങ് തുടങ്ങി രാജ്യത്തെ വമ്പൻ വികസന പദ്ധതികൾക്ക് അതിനനുസൃതമായ വലിയതുക തന്നെ വായ്പയായി വേണ്ടിവരും. നിലവിൽ ഇതിന് രാജ്യത്തെ ബാങ്കുകൾ ബുദ്ധിമുട്ടുന്നുണ്ട്.
ലയനത്തിലൂടെ മെഗാ ബാങ്കുകളെ സൃഷ്ടിച്ചാൽ ഈ പ്രതിസന്ധി മറികടക്കാനാകും. മാത്രമല്ല, പൊതുമേഖലയിൽ 10ൽ താഴെ മാത്രം ബാങ്കുകൾ മതിയെന്ന ആലോചന നേരത്തെയും കേന്ദ്രത്തിനുണ്ടായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പൻ ബാങ്കുകളാണെന്നും ഇതിനായി റിസർവ് ബാങ്കുമായും ബാങ്കിങ് രംഗത്തുള്ളവരുമായും ചർച്ചകൾ തുടരുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു.
ഏഷ്യയിൽതന്നെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങവിൽ മെഗാ ബാങ്കുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിൽ ആദ്യ 4 എണ്ണവും ചൈനയുടേതാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

