ഇലക്ട്രിക് വാഹന നിർമാതാവായ ഒല ഇലക്ട്രിക് ഓഹരികൾ തിരിച്ചു വരവിന്റെ പാതയിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേട്ടമുണ്ടാക്കിയത് 60 ശതമാനത്തോളം.
ഏപ്രിലിലെ വിൽപന കണക്കുകൾ പുറത്തു വന്നതോടെ തിങ്കളാഴ്ച ഒല ഓഹരികൾക്ക് നേട്ടം തുടരാൻ കഴിയുമെന്നാണ് വിദഗ്ധർ കരുതുന്നത്.
2024 ഓഗസ്റ്റ് ഒമ്പതിനാണ് ഓഹരിയൊന്നിന് 76 രൂപ നിരക്കിൽ ഒല ഇലക്ട്രിക്ക് മൊബിലിറ്റി വിപണിയിൽ ലിസ്റ്റ് ചെയ്തത്. പിന്നാലെ ഓഹരി റെക്കോർഡ് നിലയായ 133.08 രൂപയിലെത്തി.
എന്നാൽ വിൽപന കുറഞ്ഞതും വിൽപനാനന്തര സേവനങ്ങളിലെ പോരായ്മകളും മറ്റ് കമ്പനികൾ പുതു മോഡലുകളുമായി കളം നിറഞ്ഞതും ഓഹരിക്ക് തിരിച്ചടിയായി. മാർച്ച് 16ന് ഓഹരി സർവകാല താഴ്ചയായ 22.25 രൂപയിലെത്തി.
സ്വന്തമായി ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ വികസിപ്പിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ മാറി.
പതുക്കെ ഓഹരി ഉയരാൻ തുടങ്ങി. ഏപ്രിൽ 17ന് സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയായ 42 രൂപയിലെത്തി.
ക്രൂഡ് ഓയിൽ വില ഉയർന്നതും പെട്രോൾ വിതരണത്തിൽ തടസം നേരിട്ടേക്കുമെന്നുമുള്ള ആശങ്കകൾ ശക്തമായതോടെ ആളുകൾ കൂടുതലായി ഇവിയിലേക്ക് തിരിഞ്ഞതും ഓഹരിക്ക് ഗുണമായി. നിലവിൽ ഓഹരികൾ 36.56 രൂപയെന്ന നിലയിലാണ്.
ഇഷ്യൂവിലയേക്കാൾ 52 ശതമാനം കുറവ്. നീണ്ട
അവധിക്ക് ശേഷം വിപണി തിങ്കളാഴ്ച തുറക്കുമ്പോൾ ഏപ്രിലിലെ വിൽപന കണക്കുകൾ നിർണായകമാകും.
മികച്ച വിൽപന
ഏപ്രിൽ മാസത്തിലെ മികച്ച വിൽപന കണക്കുകൾ പുറത്തു വന്നതും ഓഹരിക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്. ഏപ്രിലിനേക്കാൾ 20 ശതമാനം വർധനയോടെ 12,166 യൂണിറ്റുകളാണ് ഒല വിറ്റത്.
രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മുൻ മാസത്തേക്കാൾ 22 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴാണിത്. ഏപ്രിലിൽ മികച്ച വിൽപന സ്വന്തമാക്കിയ ഒരേയൊരു ബ്രാൻഡ് ഒലയാണെന്ന് കമ്പനി പറയുന്നു.
തദ്ദേശീയമായി വികസിപ്പിച്ച ഭാരത് 4680 ബാറ്ററികൾ അവതരണം, സർവീസ് സെന്ററുകളുടെ പ്രവർത്തനം വിപുലീകരിച്ചത്, ഉപഭോക്താക്കളുടെ വിശ്വാസം തിരിച്ചു പിടിച്ചത് തുടങ്ങിയ കാരണങ്ങളാണ് വിൽപന വർധിക്കാൻ കാരണമെന്നും കമ്പനി വിലയിരുത്തൽ. ക്രൂഡ് ഓയിൽ പ്രതിസന്ധിക്കിടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിക്കാനാണ് സാധ്യതയെന്നും ഒല പറയുന്നു.
പ്രശ്നങ്ങളെല്ലാം തീർന്നോ?
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഒല ഓഹരികളിലെ പ്രതിസന്ധി പൂർണമായും അവസാനിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കമ്പനിയുടെ പ്രവർത്തനത്തിലും സർവീസിലും ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയാനും ഓഹരി ഇടിയാനുമുള്ള പ്രധാന കാരണവും ഇതായിരുന്നു.
എന്നാൽ ഭൂരിഭാഗം വാഹനങ്ങൾക്കും അതേ ദിവസം തന്നെ സർവീസ് ലഭിക്കുന്നുണ്ടെന്നും പാർട്സുകൾ ലഭ്യമാണെന്നുമുള്ള റിപ്പോർട്ടുകൾ ഓഹരിക്ക് അനുകൂലമാകും. അടുത്ത രണ്ടു മൂന്നു മാസങ്ങളിലെ വിൽപന കണക്കുകളും ബുക്കിങും കൂടി പരിശോധിച്ചാലേ ഓഹരി ശരിക്കും തിരിച്ചു വരവിന്റെ പാതയിലാണോ എന്ന് മനസിലാക്കാൻ സാധിക്കൂ എന്നും ഇവർ പറയുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

