ഇന്ത്യൻ കാപ്പി ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിൽ ജർമനിയെ കടത്തിവെട്ടി രണ്ടാംസ്ഥാനത്തേക്ക് ഉയർന്ന് റഷ്യ. ഇന്ത്യയിലേക്ക് വൻതോതിൽ ക്രൂഡ് ഓയിൽ (അസംസ്കൃത എണ്ണ) കയറ്റുമതി ചെയ്യുന്ന റഷ്യ, തിരികെ ഇന്ത്യയിൽ നിന്ന് കാപ്പി കയറ്റുമതി കൂട്ടിയെന്നതാണ് കൗതുകം.
2025ൽ ഇന്ത്യയിൽ നിന്നുള്ള ആകെ കയറ്റുമതി 22% കുതിച്ച് ആദ്യമായി 200 കോടി ഡോളർ ഭേദിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
കോഫി ബോർഡിന്റെ കണക്കുപ്രകാരം 2024ലെ 167.9 ബില്യനിൽ നിന്ന് 205.8 ബില്യൻ ഡോളറായാണ് ആകെ കയറ്റുമതി കൂടിയത്. ടണ്ണിന് വില മുൻവർഷത്തെ 3.48 ലക്ഷം രൂപയിൽ നിന്ന് 4.65 ലക്ഷം രൂപയിലെത്തിയെന്നതും നേട്ടമായി.
രൂപയിൽ കണക്കാക്കിയാൽ വരുമാനം 27% ഉയർന്ന് ആകെ 17,911 കോടി രൂപയിലെത്തി. അതേസമയം, കയറ്റുമതി അളവ് കുറഞ്ഞിട്ടുണ്ട്.
4.02 ലക്ഷം ടണ്ണിൽ നിന്ന് 4.5% താഴ്ന്ന് 3.48 ലക്ഷം ടണ്ണാണ് കഴിഞ്ഞവർഷത്തെ കയറ്റുമതി.
അറാബിക്ക ഇനത്തിന്റെ കയറ്റുമതി 5.5% ഉയർന്ന് 38,326 ടണ്ണായി. റോബസ്റ്റയുടേത് 1.5% കുറഞ്ഞ് 24,612 ടൺ.
ഇൻസ്റ്റന്റ് കാപ്പി കയറ്റുമതി 12% ഉയർന്ന് 46,954 ടണ്ണിലെത്തിയത് ഗുണം ചെയ്തു. ഇറ്റലിയാണ് ഇന്ത്യൻ കാപ്പിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ.
മൊത്തം കയറ്റുമതിയിൽ 60,668 ടണ്ണും പോയത് ഇറ്റലിയിലേക്ക്. 31,505 ടൺ ഏറ്റെടുത്താണ് റഷ്യ രണ്ടാംസ്ഥാനം നേടിയത്.
രണ്ടാമതായിരുന്ന ജർമനി 28,840 ടണ്ണുമായി മൂന്നാമതായി.
ജർമനിയിലേക്കുള്ള കയറ്റുമതി 32% കുറഞ്ഞപ്പോൾ റഷ്യയിലേക്കുള്ളത് 20% ഉയർന്നു. യുഎഇ, ബെൽജിയം എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ.
ലോകത്ത് കാപ്പി ഉൽപാദനത്തിൽ 7-ാം സ്ഥാനവും കയറ്റുമതിയിൽ 5-ാം സ്ഥാനവുമാണ് ഇന്ത്യയ്ക്ക്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് പ്രധാന വിപണി.
കേരളത്തിനും ഗുണകരം
ഇന്ത്യൻ കാപ്പിയുടെ ഈറ്റില്ലം കർണാടകയാണ്.
മൊത്തം ഉൽപാദനത്തിന്റെ 70 ശതമാനവും കർണാടകയിൽ. അതിൽതന്നെ 45% കുടകിലാണ്.
20-25% ചിക്കമഗളൂരുവിലും. ഉൽപാദനത്തിൽ രണ്ടാംസ്ഥാനത്ത് 20% വിഹിതവുമായി കേരളമാണ്.
ഇടുക്കിയും വയനാടുമാണ് പ്രധാന ഉൽപാദന കേന്ദ്രങ്ങൾ.
റോബസ്റ്റ, അറാബിക്ക ഇനങ്ങളാണ് കേരളം ഉൽപാദിപ്പിക്കുന്നത്. കർണാടകയും കേരളവും കഴിഞ്ഞാൽ തമിഴ്നാട് (നീലഗിരി), ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലും കാപ്പി ഉൽപാദനമുണ്ട്.
അമേരിക്കയിലേക്കും വലിയതോതിൽ കാപ്പി കയറ്റുമതി ചെയ്യാനാകുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുണ്ട്.
നിലവിൽ അമേരിക്കയിലേക്ക് ഏറ്റവുമധികം കാപ്പി കയറ്റുമതി ചെയ്തിരുന്ന . ബ്രസീലിൽ നിന്ന് കാപ്പി വാങ്ങുന്നത് ചെലവേറിയതായതിനാൽ ബദൽ വഴികൾ അമേരിക്കൻ ഇറക്കുമതിക്കാർ തേടിയിരുന്നു.
എന്നാൽ, ഇന്ത്യയ്ക്കുമേലും കനത്ത ഇറക്കുമതി തീരുവയുള്ളതിനാൽ ഈ സാചചര്യം പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമാവുകയും ഇന്ത്യയ്ക്കുമേലുള്ള തീരുവ 15-20 ശതമാനത്തിലേക്ക് കുറയ്ക്കാൻ ട്രംപ് തയാറാവുകയും ചെയ്താൽ അമേരിക്കയിലേക്കുള്ള കയറ്റുമതി കൂട്ടാൻ കഴിയും. നിലവിൽ ഏതാണ്ട് 8,700 ടൺ കാപ്പി മാത്രമാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

