തമിഴ്നാട്ടിലെ തേനിയിൽ ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. പൊതുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പടക്കം പൊട്ടിച്ച് സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിച്ചത് ചോദ്യം ചെയ്തതിനാണ് സ്പെഷൽ സബ് ഇൻസ്പെക്ടറെ മദ്യപസംഘം അടിച്ചുകൊന്നത്.
തേനിക്ക് സമീപമുള്ള സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവിച്ചത്. സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലെത്തിയ ഒരുസംഘം യുവാക്കൾ റോഡിൽ തടസ്സങ്ങൾ സൃഷ്ടിച്ച് പടക്കം പൊട്ടിക്കുകയും ഇത് മൊബൈൽ ഫോണിൽ റീൽസായി പകർത്തുകയും ചെയ്യുകയായിരുന്നു.
ഇത് യാത്രാസൗതര്യത്തെയും പൊതുജനങ്ങളെയും ഒരുപോലെ ബാധിച്ചതോടെ, വിവരം അറിഞ്ഞെത്തിയ സെന്തിൽ കുമാർ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി ചോദ്യം ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥനുമായുണ്ടായ വാക്കുതർക്കത്തിനിടയിൽ പ്രതികൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെന്തിൽ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ പിടിയിലായ നാല് പേരെക്കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

