തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടന്ന ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) സംഘടിപ്പിച്ച ജനറേറ്റീവ് എഐ ഹാക്കത്തോൺ 2026ൽ കോട്ടയം ഐഐഐടിയിലെ അജയ് രാജേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 33 ടീമുകളിലായി നൂറിലധികം വിദ്യാർഥികളും മറ്റ് പ്രതിനിധികളുമാണ് ഈ ചടങ്ങിൽ പങ്കാളികളായത്.
‘എഐ ഫോർ ഇൻക്ലൂസീവ് കേരള’ എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു മത്സരാർഥികൾ തങ്ങളുടെ നൂതന സാങ്കേതിക ആശയങ്ങളും പരിഹാരങ്ങളും വേദിയിൽ അവതരിപ്പിച്ചത്. മത്സരത്തിൽ മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ എ.യു.
ധനുഷ് കൃഷ്ണൻ, ആനന്ദ് എസ്. ഗണേഷ്, ജെറിൻ പി.
അസീസ് എന്നിവരടങ്ങിയ സംഘം ഒന്നാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ മുഹമ്മദ് ഇർഫാൻ ഫാറൂഖ്, മുഹമ്മദ് അസിൽ പരി എന്നിവരടങ്ങുന്ന ടീം രണ്ടാം റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി.
ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് തിരുവനന്തപുരം ക്യാമ്പസ്, ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ക്വാണ്ടംവീവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തി പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കാൻ ഐടി പ്രൊഫഷണലുകൾക്കും എഐ ഗവേഷകർക്കും വിദ്യാർഥികൾക്കും ഈ വേദി വലിയ അവസരമായി മാറി.
കേരളത്തിന്റെ സാമൂഹികവും വികസനപരവുമായ ആവശ്യങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതായിരുന്നു മത്സരത്തിന്റെ പ്രധാന പ്രമേയം. ചടങ്ങിൽ ഫ്രാൻസിലെ നാന്റസ് സർവകലാശാലയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷക ഡോ.
നാൻസി വിക്ടർ, ക്വാണ്ടംവീവ് ഇന്റലിജൻസ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ ഡോ. സാബു എം.
തമ്പി, ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് തിരുവനന്തപുരം ഡയറക്ടർ രാഹുൽ ചന്ദ്രൻ, ഓർത്തോ എഫ് എക്സിലെ സീനിയർ മാനേജർ വർഗീസ് ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കൂടാതെ, ജനറേറ്റീവ് എഐ മാനേജറായ ഡോ.
യു. ആതിര (എഐ ആൻഡ് അനലിറ്റിക്സ്), ടെസ്റ്റ്ഹൗസ് ഡയറക്ടർ അരുൺ എസ്.ആർ., പ്രൊവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂരിലെ അസോസിയേറ്റ് പ്രൊഫസറും ഡീനുമായ ഡോ.
സുമോദ് സുന്ദർ, ആൽസ്റ്റോം പ്രൈവറ്റ് ലിമിറ്റഡിലെ സോഫ്റ്റ്വെയർ ലീഡ് മാധവ് ശങ്കർ, ടാറ്റ എൽക്സിയിലെ എഐ ആർക്കിടെക്ട് ഡോ. അഞ്ജന പി.
ദാസ് എന്നിവരടങ്ങിയ വിദഗ്ധ സംഘമായിരുന്നു വിധിനിർണയം നിർവഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

