ഉരുൾപൊട്ടലിൽ തകർന്നു തരിപ്പണമായ ഊട്ടി– മേട്ടുപ്പാളയം ദേശീയപാത അറ്റകുറ്റപ്പണികൾക്കായി പൂർണ്ണമായി അടച്ചിട്ടതോടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലഗിരി ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലച്ചു. കഴിഞ്ഞമാസം 23 മുതൽ 25 വരെ പെയ്ത കനത്ത മഴയെ തുടർന്നാണ് ദേശീയപാതയിൽ ബർളിയാർ ഭാഗത്ത് വലിയ തോതിൽ ഉരുൾപൊട്ടലുണ്ടായതും റോഡ് പൂർണമായി തകർന്നതും.
തുടർച്ചയായ മഴയിൽ റോഡിന്റെ മുകൾഭാഗത്തുള്ള പാറകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. യാത്രാവേളകളിൽ അപകടം ഒഴിവാക്കാനായി ഇവിടെ അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ പാറക്കൂട്ടങ്ങൾ അടിയന്തരമായി പൊട്ടിച്ചുമാറ്റണമെന്ന് പ്രദേശവാസികൾ ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സാഹചര്യം വിലയിരുത്തുന്നതിനായി ദേശീയപാത അതോറിറ്റിയുടെ ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. നിലവിൽ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ബർളിയാർ വരെ മാത്രമാണ് തമിഴ്നാട് സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ സർവീസ് നടത്തിയത്.
എന്നാൽ മഴ ശക്തമായാൽ ഈ സർവീസുകളും പൂർണ്ണമായി നിർത്തിവെക്കും. നിലവിൽ ഈ പാതയിലൂടെ മറ്റ് വാഹനങ്ങൾക്ക് യാതൊരുവിധ അനുമതിയും നൽകിയിട്ടില്ല.
ഗതാഗത തടസ്സം നേരിടുന്നതിനാൽ നിലവിൽ ഊട്ടിയിലേക്കുള്ള യാത്ര പൂർണ്ണമായും കോത്തഗിരി വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഊട്ടിയിൽ നിന്ന് കോത്തഗിരി വഴി മേട്ടുപ്പാളയത്തേക്ക് യാത്ര ചെയ്യുമ്പോൾ സഞ്ചാരികൾക്ക് 13 കിലോമീറ്റർ ദൂരം അധികമായി സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
യാത്രാദുരിതവും റോഡ് തടസ്സവും കാരണം ഊട്ടിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

