കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. നഗരത്തിൽ സുരക്ഷിതമായി വീടിലെത്താമെന്നതിന് എന്താണ് ഉറപ്പെന്ന് കോടതി ആരാഞ്ഞു.
കാക്കനാട ഉണ്ടായ വാഹനാപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ച സംഭവം വ്യവസ്ഥിതിയുടെ പരാജയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
റോഡിലെ ഉടയോന്മാരല്ല, കാലന്മാരാണ് ഡ്രൈവർമാരെന്ന് നിരീക്ഷിച്ച കോടതി, ക്രിമിനലുകളെ ജോലിക്കുവെക്കുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട
അക്ഷരയുടെ കുടുംബത്തോട് കോടതി മാപ്പ് ചോദിക്കുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടിരിക്കാൻ പോലും ആവാത്തതാണെന്ന് കോടതി വ്യക്തമാക്കി. കാൽനടയാത്രക്കാർക്കായി നടപ്പാതകൾ എവിടെയെന്ന് ചോദിച്ച കോടതി, കൊച്ചി കോർപ്പറേഷന് അന്ത്യശാസനവും നൽകി.
നഗരത്തിൽ ഫുട്പാത്തുകൾ നിർമ്മിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. റോഡുകളിലെ ക്യാമറകൾ ഒന്നും പ്രവർത്തിക്കുന്നില്ലേ എന്ന് ചോദിച്ച കോടതി, കൊച്ചി പഴയ കൊച്ചി അല്ലെന്നും വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചെന്നും ഓർമ്മിപ്പിച്ചു.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് പല ഡ്രൈവർമാരും വാഹനം ഓടിക്കുന്നതെന്നും കോടതി വിമർശിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടായാൽ വാഹനം ഓടിക്കാൻ കഴിയില്ലെന്ന ഭയം ഡ്രൈവർമാരിൽ ഉണ്ടാകണമെന്നും, പോലീസ് കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെക്കൊണ്ട് പ്രതികരിപ്പിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

