തുടക്കത്തിൽ നിരവധി പോരായ്മകളോടെയായിരുന്നു Googlebooks-ന്റെ കടന്നുവരവെങ്കിലും, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി മാറ്റങ്ങളാണ് കമ്പനി ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളത്. ഒക്ടോബറിലെ തുടർച്ചയായ അപ്ഡേറ്റുകൾക്ക് ശേഷം, ഈ നവംബറിലെ ആദ്യ വലിയ അപ്ഡേറ്റും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
ശക്തമായ ഹാർഡ്വെയർ ഉണ്ടെങ്കിലും, ഉയർന്ന പ്രവർത്തന ഭാരമുള്ളപ്പോൾ Googlebooks ഉപയോക്താക്കൾ നേരിട്ടിരുന്ന ലാഗ് അടക്കമുള്ള പ്രശ്നങ്ങൾ പുതിയ അപ്ഡേറ്റിലൂടെ പരിഹരിക്കുന്നു. റെഡ്ഡിറ്റിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ആന്തരിക മാറ്റങ്ങളിലൂടെയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഓൺ-ഡിവൈസ് AI സേവനങ്ങൾ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ഗൂഗിൾ ക്രോമിന് കൂടുതൽ മെമ്മറി ആവശ്യമായി വരുമ്പോൾ കൂടുതൽ സിസ്റ്റം മെമ്മറി ലഭ്യമാക്കാൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഇതിലൂടെ സാധിക്കും.
Acer Googlebook 14, Asus Googlebook 14, Lenovo Googlebook 15 എന്നീ ലാപ്ടോപ്പുകളിൽ മെമ്മറി ഉപയോഗം ഏകദേശം ~6GB വരെ കുറയ്ക്കാൻ ഈ അപ്ഡേറ്റ് സഹായിക്കുമെന്നാണ് വാഗ്ദാനം. ലാപ്ടോപ്പുകളിലെ എൻ.പി.യു ഡ്രൈവറുടെ മെമ്മറി മാനേജ്മെന്റ് അപ്ഡേറ്റ് ചെയ്തുകൊണ്ടാണ് ഗൂഗിൾ ഈ നേട്ടം കൈവരിച്ചത്.
ഇത് വഴി 3 മുതൽ 6 ജിബി വരെ റാം ഫ്രീയാക്കാൻ സാധിക്കും. ഇത് മൾട്ടിടാസ്കിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ബ്ലൂടൂത്ത് സംബന്ധമായ ചില ബുദ്ധിമുട്ടുകളും നവംബർ അപ്ഡേറ്റിലൂടെ പരിഹരിച്ചിട്ടുണ്ട്. HP Googlebook 14, Dell XPS Googlebook 13 എന്നിവയിൽ ബ്ലൂടൂത്ത് ഓഡിയോ റൂട്ട് ചെയ്യുന്ന രീതി കമ്പനി മാറ്റിയെടുത്തു.
വയർലെസ് ഇയർബഡുകൾ ഉപയോഗിച്ച് വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന ലിപ്-സിങ്ക് ഡേയ് അടക്കമുള്ള പ്രശ്നങ്ങൾ ഇതുവഴി പരിഹരിക്കപ്പെടും. അനുയോജ്യമായ ബ്ലൂടൂത്ത് ഹിയറിങ് എയ്ഡുകൾ ഓഡിയോ ഔട്ട്പുട്ട് ഡിവൈസായി തിരഞ്ഞെടുക്കാനും ഇപ്പോൾ സാധിക്കും.
മുൻ പതിപ്പിലെ ബഗ് കാരണം കോളുകളും ഓഡിയോയും ലാപ്ടോപ്പിന്റെ സ്പീക്കറിലൂടെ മാത്രം വരുന്ന പ്രശ്നവും ഇതിലൂടെ പരിഹരിച്ചിട്ടുണ്ട്. ഒന്നിലധികം മോണിറ്ററുകൾ ഉപയോഗിക്കുന്നവർക്കായി, എക്സ്റ്റേണൽ ഡിസ്പ്ലേകൾ അൺപ്ലഗ് ചെയ്യുമ്പോൾ ടാസ്ക്ബാറും ഡെസ്ക്ടോപ്പ് ഐക്കണുകളും അപ്രത്യക്ഷമാകുന്ന ബഗും പരിഹരിച്ചു.
എക്സ്റ്റേണൽ ഡിസ്പ്ലേയിൽ ബ്ലാക്ക് സ്ക്രീൻ വരുമ്പോഴും നെറ്റ്ഫ്ലിക്സ് വീഡിയോകളുടെ ഓഡിയോ പ്ലേ ചെയ്യുന്ന പ്രശ്നത്തിനും ഇതിലൂടെ പരിഹാരമായിട്ടുണ്ട്. നവംബർ അപ്ഡേറ്റിലൂടെ ലിനക്സ് ടെർമിനൽ ബീറ്റയുടെ പ്രവർത്തനക്ഷമതയും വർദ്ധിച്ചിട്ടുണ്ട്.
ലാപ്ടോപ്പ് വേക്ക് ചെയ്യുമ്പോഴോ ടാബുകൾ മാറുമ്പോഴോ ആക്ടീവ് ഷെൽ സെഷനുകൾ കണക്റ്റഡ് ആയി തുടരും. എസ്എസ്എച്ച് കണക്ഷനുകളെയും ഫോർവേഡ് ചെയ്ത പോർട്ടുകളെയും തടസ്സപ്പെടുത്തുന്ന ബഗുകളും ഗൂഗിൾ പരിഹരിച്ചിട്ടുണ്ട്.
മറ്റ് ടെർമിനൽ വിൻഡോകൾ തുറന്നിരിക്കുമ്പോൾ ഒരു വിൻഡോ ക്ലോസ് ചെയ്താൽ ലിനക്സ് വെർച്വൽ മെഷീൻ ഓഫ് ആകുന്ന പ്രശ്നവും ഇനി ഉണ്ടാകില്ല. കൂടാതെ സിസ്റ്റം അപ്ഡേറ്റുകൾ ലിനക്സ് ഫയലുകളെയും കസ്റ്റം എസ്എസ്എച്ച് സെർവർ ക്രമീകരണങ്ങളെയും സുരക്ഷിതമായി നിലനിർത്തും.
CL3B.260622.286.R2 എന്ന ബിൽഡ് നമ്പറിലാണ് നവംബർ അപ്ഡേറ്റ് ഘട്ടം ഘട്ടമായി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. കൂടാതെ എല്ലാ ഗൂഗിൾ ബുക്ക് മോഡലുകളിലേക്കും നവംബർ 1, 2026 ലെ ആൻഡ്രോയിഡ് സുരക്ഷാ പാച്ചും ഇതുവഴി ലഭ്യമാകും.
അപ്ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാൻ Settings > System > Software updates > System update എന്ന രീതിയിൽ പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

