ലക്നൗ: ശ്രീകൃഷ്ണനെപ്പറ്റി അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് മതപ്രഭാഷകൻ ധീരേന്ദ്ര ശാസ്ത്രിക്കെതിരെ ആഗ്ര കോടതിയിൽ ക്രിമിനൽ ഫയൽ ചെയ്തു. അഭിഭാഷകനായ അജയ് പ്രതാപ് സിങ് ആണ് പരാതി നൽകിയത്.
ഒരു മതപ്രഭാഷണത്തിനിടെ ശാസ്ത്രി നടത്തിയ പരാമർശങ്ങൾ ശ്രീകൃഷ്ണന്റെ വംശപരമ്പരയിൽപ്പെട്ടവരുടെ വികാരങ്ങളെയും സാമൂഹിക പദവിയെയും വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ ആരോപിക്കുന്നു. മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള കരേരയിൽ നടന്ന രാമകഥാ പ്രഭാഷണത്തിനിടെയാണ് ധീരേന്ദ്ര ശാസ്ത്രി ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശാരീരിക രൂപങ്ങളെ താരതമ്യം ചെയ്തത്.
ദ്വാപരയുഗത്തിൽ മനുഷ്യരൂപത്തിൽ ജനിച്ച ശ്രീകൃഷ്ണന്റെ വംശപരമ്പര ഇപ്പോഴും ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്ന് പരാതിക്കാരൻ വാദിച്ചു. തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി ജാദൂൻ, ജഡേജ, ഭാട്ടി തുടങ്ങിയ സമുദായങ്ങളുടെ ചരിത്രപരമായ പശ്ചാത്തലവും അദ്ദേഹം കോടതിയിൽ ഉദ്ധരിച്ചു.
തന്റെ അമ്മയുടെ കുടുംബം വഴി താനും ശ്രീകൃഷ്ണന്റെ വംശപരമ്പരയിൽപ്പെട്ടയാളാണെന്ന് അവകാശപ്പെട്ട അജയ് പ്രതാപ് സിങ്, പരാമർശം കൃഷ്ണന്റെ വംശജരുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ സാമൂഹിക പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്തതായി ആരോപിച്ചു.
ഡിസംബർ 14ന് കേസിൽ വിശദവാദം നടക്കും. വിവാദ പ്രസംഗകരിൽ നിന്ന് മതപരമായ പരിപാടികളുടെ സംഘാടകരും സ്പോൺസർമാരും വിട്ടുനിൽക്കണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
പ്രസ്താവനയോട് പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, സ്വന്തം പെരുമാറ്റം ചോദ്യം ചെയ്യപ്പെടേണ്ടവർ മറ്റുള്ളവരെ ഉപദേശിക്കാൻ വരേണ്ടതില്ലെന്ന് രാമചരിതമാനസത്തിലെ വരികൾ ഉദ്ധരിച്ച് തിരിച്ചടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

