ഡാക്കർ: യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ ചരിത്ര നേട്ടം. സെനഗലിലെ ഡാക്കറിൽ അരങ്ങേറിയ യൂത്ത് ഒളിമ്പിക് ഗെയിംസിൽ ഇന്ത്യൻ താരം തൻവി പത്രി വെള്ളി മെഡൽ സ്വന്തമാക്കി.
യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന റെക്കോർഡും ഇതോടെ തൻവി തന്റെ പേരിൽ കുറിച്ചു. ഫൈനൽ പോരാട്ടത്തിൽ ജൂനിയർ ലോകചാമ്പ്യനായ ചൈനീസ് താരം ഷാങ് യി സിന്നിനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് പതിനഞ്ചുകാരിയായ തൻവി കീഴടങ്ങിയത്.
82 മിനിറ്റ് നീണ്ടുനിന്ന വീറുറ്റ പോരാട്ടത്തിനൊടുവിൽ 21-15, 13-21, 24-26 എന്ന സ്കോറിനാണ് ചൈനീസ് താരം വിജയം നേടിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ തൻവിക്ക് രണ്ടാം ഗെയിമിൽ അടിപതറി.
എന്നാൽ മൂന്നാം ഗെയിമിൽ അവിശ്വസനീയമായ തിരിച്ചുവരവാണ് താരം നടത്തിയത്. നിർണായക ഘട്ടത്തിൽ 10-19 എന്ന നിലയിൽ വലിയ തിരിച്ചടി നേരിട്ട
തൻവി തുടരെ പോയിന്റുകൾ നേടി സ്കോർ 24-24 എന്ന നിലയിലെത്തിച്ച് എതിരാളിയെ വിറപ്പിച്ചു. എന്നാൽ അവസാന നിമിഷങ്ങളിൽ പിഴവുകളില്ലാതെ മുന്നേറിയ ചൈനീസ് താരം സ്വർണം സ്വന്തമാക്കുകയായിരുന്നു.
യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ ചരിത്രത്തിൽ ഇതിനുമുമ്പ് ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുള്ളത് പുരുഷ താരങ്ങൾ മാത്രമാണ്. 2010 സിംഗപ്പൂർ ഗെയിംസിൽ എച്ച് എസ് പ്രണോയിയും 2018 ബ്യൂണസ് ഐറിസ് ഗെയിംസിൽ ലക്ഷ്യ സെന്നും ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിരുന്നു.
ഈ നിരയിലേക്കാണ് വനിതാ വിഭാഗത്തിൽ ആദ്യമായി ഒഡീഷ സ്വദേശിയായ തൻവി പത്രിയും നടന്നുകയറുന്നത്. വനിതാ ബാഡ്മിന്റൺ സിംഗിൾസിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് തൻവി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

