കൊച്ചിയിൽ യുവഡോക്ടറെ മർദിച്ച് മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സാ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിക്കുകയും, മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഈ മാസം രണ്ടാം തിയതി സന്ധ്യയോടെ വൈറ്റില പൊന്നുരുന്നിയിലായിരുന്നു സംഭവം നടന്നത്. പ്രതികൾ ചികിത്സാ ആവശ്യം ഉന്നയിച്ചാണ് ഡോക്ടറെ ബന്ധപ്പെട്ടത്.
അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഡോക്ടറെ സ്ഥലത്തെത്തിച്ചത്. തുടർന്ന് ഡോക്ടറെ മർദിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
പണം നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഈ കേസിലെ പ്രതികളായ അതുല്യ ചന്ദ്രനൊപ്പമുണ്ടായിരുന്ന നടൻ ബിബിൻ പെരുമ്പള്ളിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ആകെ 12 പേരാണ് കേസിലെ പ്രതികളെന്നാണ് വിവരം. പ്രതികളിൽ പലരും സിനിമാ മേഖലയുമായി ബന്ധമുള്ളവരാണെന്ന സൂചനയും അന്വേഷണ സംഘം നൽകുന്നുണ്ട്.
കവർച്ച മാത്രമാണോ അതോ മറ്റെന്തെങ്കിലും ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ എന്ന കാര്യത്തിൽ കടവന്ത്ര പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

