പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പുതിയ പിറ്റ്ലൈന് റെയിൽവേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി) ഔദ്യോഗിക അനുമതി ലഭിച്ചു. ഈ വർഷം തന്നെ പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി പിറ്റ്ലൈൻ യാഥാർഥ്യമാകുന്നതോടെ ചുരുങ്ങിയത് 5 ട്രെയിനുകളെങ്കിലും പാലക്കാട്ടുനിന്ന് പുതിയതായി ആരംഭിക്കാൻ സാധിക്കും. രണ്ടാമത്തെ പിറ്റ്ലൈനിനായുള്ള അനുമതി ദക്ഷിണ റെയിൽവേ ജനറൽ മാനേജരിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ഇതിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ട് പിറ്റ്ലൈനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ ഒരേസമയം കുറഞ്ഞത് 6 ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ ഇവിടെ പൂർത്തിയാക്കാൻ സാധിക്കും.
പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ മൈസൂരു ഡിവിഷനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പാലക്കാട് ഡിവിഷനിലേക്കു സ്ഥലംമാറ്റം ലഭിക്കാൻ അവസരമൊരുങ്ങും. ഇതുവഴി ഇരുന്നൂറോളം പുതിയ തസ്തികകൾ പാലക്കാട്ടുണ്ടാകുമെന്നാണ് സൂചന.
**പിറ്റ്ലൈൻ നിർമാണം**
വിവിധ ഘട്ടങ്ങളായാണ് പിറ്റ്ലൈൻ പ്രവൃത്തികൾ പൂർത്തീകരിക്കുന്നത്. ട്രെയിനുകൾ നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുന്ന 650 മീറ്റർ നീളമുള്ള യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായി.
ഇതിലൂടെ ട്രെയിനിന്റെ അടിഭാഗം പരിശോധിക്കാനും സർവീസ് ചെയ്യാനും സാധിക്കും. ഇവിടെ ആവശ്യമായ വെള്ളവും വെളിച്ചവും എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
കൂടാതെ, എൻജിനുകൾക്കായുള്ള ഇലക്ട്രിക് ലൈനുകളുടെ പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണ്. **സിക്ക് ഷെഡ്**
കോച്ചുകളുടെ മെക്കാനിക്കൽ പ്രവർത്തനങ്ങൾക്കായി നിർമിക്കുന്ന സിക്ക് ലൈൻ ഷെഡിന്റെ മേൽക്കൂരയുടെ പണികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഫ്ലോറിങ്, വൈദ്യുതീകരണം തുടങ്ങിയ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇവിടെ ഭാരമേറിയ ക്രെയിനുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കും.
പാലക്കാട് റെയിൽവേ ഡിവിഷനെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിക്ക് വലിയ പ്രാധാന്യമാണുള്ളത്. റെയിൽവേ ബോർഡിൽ നിരന്തരമായ സമ്മർദം ചെലുത്തിയാണ് ഈ പദ്ധതി നേടിയെടുത്തതെന്ന് വി.കെ.ശ്രീകണ്ഠൻ എംപി വ്യക്തമാക്കി.
എത്രയും പെട്ടെന്ന് പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും രണ്ടാമതായി അനുവദിച്ച പിറ്റ്ലൈന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ റെയിൽവേ വികസനത്തിൽ നിർണായകമാകുന്ന ഈ പദ്ധതിക്കൊപ്പം പാലക്കാട്ടുനിന്ന് കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
**സ്റ്റേബിളിങ് ലൈനുകളും ഷണ്ടിങ് നെക്കും**
ട്രെയിനുകൾ നിർത്തിയിടുന്നതിനായി വിഭാവനം ചെയ്ത 4 സ്റ്റേബിളിങ് ലൈനുകളിൽ രണ്ടെണ്ണത്തിന്റെ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ ആദ്യത്തെവ കമ്മിഷൻ ചെയ്തതിനു ശേഷം പൂർത്തിയാക്കിയാൽ മതിയാകും.
പിറ്റ്ലൈൻ, സിക്ക് ലൈൻ ഷെഡ്, സ്റ്റേബിളിങ് ലൈൻ, പ്ലാറ്റ്ഫോം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ട്രാക്കുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ട്രെയിനുകൾക്കായുള്ള ഷണ്ടിങ് നെക്ക് സംവിധാനം സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

