നഗരത്തിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ക്രിമിനൽ സംഘം പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ചങ്ങനാശേരിയിൽ തിങ്കളാഴ്ച രാത്രി പത്തുമണി മുതൽ പുലർച്ചെ അഞ്ചുമണിവരെയാണ് അതീവ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അക്രമികളിൽ ഒരാൾ സ്റ്റേഷനിൽ വെച്ച് എസ്ഐയുടെ നെഞ്ച് കടിച്ചുപറിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചെത്തിപ്പുഴ കാഞ്ഞിരത്തുവീട്ടിൽ സാജു ജോജോ (32), കുറിച്ചി വടക്കേകുട്ട
വീട്ടിൽ മിഥുൻ തോമസ് (38) ഒപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ചങ്ങനാശേരി പുത്തൻവീട്ടിൽ ജുബിൻ (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ടൗണിലെ ബാറിലും മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലും അതിക്രമം കാട്ടിയ ശേഷമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാരകായുധങ്ങളുമായി എത്തി ജീവനക്കാരെ ആക്രമിച്ച ഇവരെ കീഴ്പ്പെടുത്തുന്നതിനിടെ എസ്ഐ അജിത്കുമാർ, സിപിഒ റിജോ മോൻ എന്നിവർക്ക് പരുക്കേറ്റിരുന്നു.
തുടർന്ന് കൂടുതൽ സേനയെത്തിയാണ് ഇളക്കമേറിയ പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷവും പ്രതികൾ അക്രമം തുടർന്നു.
കസ്റ്റഡിയിലായ മിഥുനും സാജുവിനെ ഏറെ പണിപ്പെട്ടാണ് ലോക്കപ്പിൽ അടച്ചത്. ഇതിനിടയിൽ ലഹരിയുടെ പുറത്തായിരുന്ന മിഥുൻ സെല്ലിനുള്ളിലിട്ട് സാജുവിനെ ക്രൂരമായി മർദിക്കാൻ തുനിഞ്ഞു.
ഇത് തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും കൈയേറ്റമുണ്ടായി. മിഥുനെ വിലങ്ങണിയിക്കാൻ ശ്രമിക്കുന്നതിനിടെ എസ്ഐ റയ്നോൾഡ്ന്റെ നെഞ്ചിന്റെ ഭാഗം പ്രതി കടിച്ചുപറിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ സമയം അഭിഭാഷകനായ ജുബിൻ സ്റ്റേഷനുള്ളിൽ ബഹളമുണ്ടാക്കുകയും ഉച്ചത്തിൽ അസഭ്യം വർഷിക്കുകയും ചെയ്തു. പ്രതികളെ പിടികൂടിയതറിഞ്ഞ് രാത്രി പന്ത്രണ്ടുമണിയോടെ കൂട്ടാളികൾ സ്റ്റേഷൻ പരിസരത്ത് ഇരച്ചെത്തിയെങ്കിലും പൊലീസ് ഇവരെ വിരട്ടിയോടിച്ചു.
തുടർന്ന് സമീപ സ്റ്റേഷനുകളിൽ നിന്നുള്ള കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ഡിവൈഎസ്പി ആഷാദ്ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

