വന്ദേഭാരത് ട്രെയിൻ യാത്രക്കാർക്ക് വലിയ തോതിൽ ഉപകാരപ്പെടുന്ന രീതിയിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗളൂരു വഴി കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലേക്ക് പുതിയ കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്ത്. കൊല്ലൂരിലേക്കും മംഗളൂരുവിലേക്കും യാത്ര ചെയ്യുന്ന തീർത്ഥാത്തകർക്കും പൊതുജനങ്ങൾക്കും റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് യാത്രാ സൗകര്യം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസ് കാസർകോട് സ്റ്റേഷനിൽ എത്തിച്ചേരുന്ന ഉച്ചയ്ക്ക് 1.30-ന് ഇവിടുന്ന് കൊല്ലൂരിലേക്കും, തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് കാസർകോട് സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ഉച്ച 2.30-ന് കൊല്ലൂരിൽ നിന്ന് കാസർകോട്ടെത്തുന്ന വിധത്തിലും സമയക്രമം ക്രീകരിക്കണമെന്നാണ് പ്രധാന ആവശ്യം. കാസർകോട് നിന്ന് മംഗളൂരു, സൂറത്കൽ, ഉഡുപ്പി വഴിയാണ് കൊല്ലൂരിലേക്ക് എസി ബസ് സർവീസ് നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.
മലയാളികൾ വളരെ അധികം ആശ്രയിക്കുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ ഈ പദ്ധതി യാത്രക്കാർക്കും ഒപ്പം കെഎസ്ആർടിസിക്കും സാമ്പത്തികമായി വലിയ നേട്ടമായി മാറും. ഇതിനുപുറമെ, മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിലെ പ്രശസ്തമായ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകുന്നവർക്കും ഈ സർവീസ് ഏറെ പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ലഭിക്കാത്ത സാഹചര്യങ്ങളിൽ ദീർഘദൂര ബസുകളെയാണ് കൊല്ലൂരിലേക്കുള്ള ഭക്തജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്. നിലവിൽ രണ്ട് രാത്രികളിലെ യാത്രയും കൊല്ലൂരിലെ ഒരു രാത്രി താമസവും ഉൾപ്പെടെ മൂന്ന് രാത്രികൾ ഇതിനായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ നിസാർ പെർവാഡ് വ്യക്തമാക്കി.
പുതുതായി ലഭ്യമായ എസി ബസുകളിൽ രണ്ടെണ്ണം കാസർകോട് ഡിപ്പോയ്ക്ക് അനുവദിച്ച് എത്രയും പെട്ടെന്ന് സർവീസ് ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. യാത്രക്കാർക്കായി നിർദ്ദേശിച്ചിരിക്കുന്ന പുതിയ സമയക്രമം ഇങ്ങനെയാണ്:
∙ കൊല്ലൂർ– കാസർകോട് കെഎസ്ആർടിസി സർവീസ്: രാവിലെ 8.45-ന് കൊല്ലൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
ഇത് ഉച്ചയ്ക്ക് 2.30-നുള്ള വന്ദേഭാരത് ട്രെയിനിന്റെ കണക്ഷൻ ലഭിക്കാൻ സഹായിക്കും.
∙ കാസർകോട് – കൊല്ലൂർ കെഎസ്ആർടിസി സർവീസ്: ഉച്ചയ്ക്ക് 1.30-ന് കാസർകോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 5.45-ന് കൊല്ലൂരിൽ എത്തിച്ചേരാം. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിച്ചേരുന്ന വന്ദേഭാരതിൽ നിന്നുള്ള കണക്ഷൻ വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കും ഇത് ഉപയോഗപ്പെടുത്താം.
ഭക്തർക്ക് ഏറെ അനുയോജ്യമായ നിലയിലാണ് ഈ സമയക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാവിലെ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് വൈകുന്നേരത്തെ ദീപാരാധനയ്ക്കും ശീവേലിക്കും കൃത്യസമയത്ത് കൊല്ലൂരിലെത്താൻ സാധിക്കും.
പിറ്റേദിവസം രാവിലെ നിർമാല്യ ദർശനത്തിനു ശേഷം മടങ്ങി ഉച്ചയ്ക്ക് കാസർകോട് നിന്ന് വന്ദേഭാരതിൽ കയറി യാത്ര ചെയ്യാം. ഇത് രണ്ട് രാത്രികളിലെ യാത്രാക്ലേശം പൂർണ്ണമായി ഒഴിവാക്കാനും ഒരു രാത്രിയുടെ താമസം കൊണ്ട് യാത്ര സുഖകരമായി പൂർത്തിയാക്കാനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

