ഏക മകനെ നഷ്ടപ്പെട്ടതിന്റെ തീവ്രവേദനയിൽ കഴിയുന്ന മധുകുമാറിന്റെ വാക്കുകളിൽ ഇപ്പോഴും നീറുന്നത് കടുത്ത നിസ്സഹായതയാണ്. ‘10 മിനിറ്റത്തിനകം എത്തുമെന്ന് പറഞ്ഞെങ്കിലും രാത്രിയായിട്ടും അവനെ കാണാതായതോടെ ആധിയായി.
20 തവണ ഫോണിൽ വിളിച്ചു. അപ്പോഴൊന്നും ഫോൺ എടുത്തില്ല.
9 മണിയോടെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നാലെ കൂട്ടുകാരനെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും പിറ്റേന്ന് രാവിലെ 10ന് എത്തണമെന്ന് നിർദേശിച്ച് പറഞ്ഞുവിട്ടു.
ഒരു പക്ഷേ അവനെ നന്നായി ചോദ്യം ചെയ്തിരുന്നെങ്കിൽ കുറ്റിക്കാട്ടിൽ, രാത്രി എന്റെ പൊന്നുമോന്റെ മൃതദേഹം തണുത്തുറഞ്ഞ് അനാഥമായി കിടക്കില്ലായിരുന്നു’– കണ്ണുകൾ കരഞ്ഞു കലങ്ങിയ മധുകുമാറിന്റെ തൊണ്ട ഇടറി.
സുഹൃത്തിനെ കാണാൻ പോകുകയാണെന്നു പറഞ്ഞാണ് ഞായറാഴ്ച വൈകിട്ട് 4നാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. ഇടയ്ക്കു വിളിക്കുമ്പോൾ ഓടുന്നത് പോലെയാണ് അനുഭവപ്പെട്ടത്.
കിതയ്ക്കുന്നതിനിടയിലും 10 മിനിറ്റിനകം എത്തുമെന്ന് അഭിരാം പറഞ്ഞതായി മധുകുമാർ ഓർക്കുന്നു. രാത്രി എട്ടരയോടെ വീട്ടിൽ എത്തിയിട്ടും മകൻ വരാത്തതിനെത്തുടർന്ന് നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. നിലവിൽ ഒന്നാം പ്രതിയായി ചേർത്തിട്ടുള്ള വ്യക്തി കൊലപാതകം നടത്താൻ സാധ്യതയില്ലെന്നും, 17 വയസ്സ് മാത്രമുള്ളതിനാൽ ശിക്ഷ കുറച്ചുകിട്ടുന്നതിനു വേണ്ടിയാകാം അയാൾ കുറ്റം ഏറ്റെടുത്തതെന്നും പിതാവ് സംശയം പ്രകടിപ്പിച്ചു.
പാങ്ങപ്പാറ ഭഗത്സിങ് നഗറിലെ പുതുവൽ പുത്തൻ വീട്ടിൽ വാടകയ്ക്കാണ് അഭിരാമിന്റെ കുടുംബം താമസിക്കുന്നത്. അഭിരാമിന്റെ അമ്മയും സഹോദരിയും വിദേശത്താണ്.
നിലവിൽ അച്ഛൻ മധുകുമാറും അമ്മൂമ്മയും മാത്രമാണ് വീട്ടിലുള്ളത്. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വിദേശത്തുനിന്നും എത്തുന്ന സഹോദരിയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പാങ്ങപ്പാറയിലെ വീട്ടിലെത്തിക്കും. അഭിരാമിന്റെ മരണവാർത്തയറിഞ്ഞ് ഗൾഫിൽ നിന്നും ഇന്നലെ പുലർച്ചെയാണ് അമ്മ ധർമജ നാട്ടിലെത്തിയത്.
‘ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതേ ദൈവമേ’ എന്ന് ആവർത്തിച്ച് അലമുറയിടുന്ന ധർമജയെ ആശ്വസിപ്പിക്കാൻ കഴിയാതെ ഉഴലുകയാണ് ബന്ധുക്കൾ. വീട്ടിലെത്തിയ ഉടൻ ബോധരഹിതയായി വീണ ധർമജയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

