അമരാവതിയിൽ സ്കൂൾ ക്ലാസ് മുറിയിൽ കയറി വിദ്യാർഥിനിയെ യന്ത്രവാൾ ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി ഹേമന്ത് (21)ന്റെ വലതുകാൽ ചികിത്സയ്ക്കിടെ മുറിച്ചുമാറ്റി. തെളിവെടുപ്പിനിടയിൽ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സേന വെടിവച്ചു വീഴ്ത്തിയത്.
ആറുതവണയാണ് പ്രതിക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് ഇരു കാലുകൾക്കും സാരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയ പൂർത്തിയായെങ്കിലും കാലിൽ കടുത്ത അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുട്ടിനു മുകൾഭാഗത്തുവെച്ച് വലതുകാൽ നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്. അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചത്.
അതേസമയം, പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടി ഇപ്പോൾ വെന്റിലേറ്റർ സഹായമില്ലാതെയാണ് കഴിയുന്നത്.
ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറിയുള്ള ഈ ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ബന്ധുവാണ് പ്രതിയായ ഹേമന്ത്.
പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്നാണ് വിവരം. ഹേമന്തിനെ എൻകൗണ്ടറിൽ വധിക്കണമെന്ന ആവശ്യവുമായി പരുക്കേറ്റ പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

