കൊല ചെയ്യപ്പെട്ട അഭിരാമും സുഹൃത്തുക്കളും മുൻപും പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിനു സമീപത്ത് എത്തിയിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് നാലിനും അഭിരാമും സുഹൃത്തുക്കളും ഇവിടെ എത്തിയെന്നാണ് നാട്ടുകാരുടെ സംശയം. പ്രധാന റോഡിൽ നിന്ന് മീറ്ററുകൾ മാറി ആരുടെയും ശ്രദ്ധ പതിയാത്ത ഒരു പ്രത്യേക സ്ഥലത്തു നിന്നാണ് അഭിരാമിന്റെ മൃതദേഹം കണ്ടെടുത്തത്.
കേസിൽ കസ്റ്റഡിയിലുള്ള പതിനേഴുകാരനുമായി പൊലീസ് തെളിവെടുപ്പിനായി ഇവിടെ എത്തിയപ്പോഴാണ് നാട്ടുകാർ സംഭവത്തിന്റെ വിവരങ്ങൾ അറിയുന്നത്. പാങ്ങപ്പാറയിൽ നിന്ന് ജൂഡ് എർത്ത് നഗർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നാല് മാസം മുൻപ് ഓടയുടെ നിർമാണം ആരംഭിച്ചിരുന്നു.
പ്രദേശം പൂർണ്ണമായും ചെളിക്കുളമായതിനാൽ പ്രദേശവാസികളായ ആളുകളല്ലാതെ മറ്റാരും ഈ വഴി ഉപയോഗിക്കാറില്ല. പ്രധാന റോഡിൽ നിന്നും ഇരുനൂറ്റമ്പത് മീറ്റർ മാറി ബണ്ട് റോഡിലേക്ക് പ്രവേശിച്ചാൽ റോഡിന്റെ ഇരുവശങ്ങളിലും ആരുമില്ലാത്തതും കാടുമൂടിയതുമായ പുരയിടങ്ങൾ കാണാം.
ഈ ഒഴിഞ്ഞ പ്രദേശത്താണ് ചാക്കിൽ കെട്ടിയ നിലയിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്.

