എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയും ബഹളം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടി. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ ചാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ എന്നിവരെ പത്ത് ദിവസത്തേക്കാണ് കോളേജ് കൗൺസിൽ സസ്പെൻഡ് ചെയ്തത്.
കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടികളിൽ പ്രതിഷേധിച്ച് മഹാരാജാസിലെ എസ്എഫ്ഐ നേതാക്കൾ വേദിയിലെത്തി മന്ത്രിയെ ചോദ്യം ചെയ്യുകയായിരുന്നു. ബിരുദ വിതരണ ചടങ്ങ് അലങ്കോലപ്പെടുത്തിയതും വേദിയിൽ കയറി മന്ത്രിയോട് കയർത്തതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗം വിലയിരുത്തി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. അതേസമയം, സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ നേതൃത്വം രംഗത്തെത്തി.
നടപടി എത്രയും പെട്ടെന്ന് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി. സസ്പെൻഷൻ പ്രഖ്യാപനത്തിന് പിന്നാലെ കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

