കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരം സംബന്ധിച്ച വിഷയത്തിൽ മാപ്പപേക്ഷ നൽകി സ്ഥാപനത്തിലേക്ക് തിരികെ പ്രവേശിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ്. സഞ്ജീവ് വ്യക്തമാക്കി.
മാപ്പ് പറയുകയെന്നത് കീഴടങ്ങലിന് തുല്യമാണെന്നും, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ നിരാഹാര സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചു. സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേർ മാപ്പപേക്ഷ സമർപ്പിച്ചാൽ അവരെ തിരിച്ചെടുക്കാമെന്നാണ് സിൻഡിക്കേറ്റ് അറിയിച്ചിട്ടുള്ളത്.
എന്നാൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരെയുള്ള അച്ചടക്ക നടപടികൾ പിൻവലിക്കില്ല. പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന കാര്യം കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നാണ് സിൻഡിക്കേറ്റിന്റെ നിലപാട്.
സസ്പെൻഷനിലായ 12 പേരും മാപ്പപേക്ഷ നൽകിയാൽ മാത്രമേ തിരിച്ചെടുക്കൽ നടപടികൾ ഉണ്ടാകൂ. ഈ വിഷയത്തിലുള്ള കോടതിയുടെ സുപ്രധാന തീരുമാനം നാളെ പുറത്തുവരും.
അതിനിടയിൽ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറും വിദ്യാർഥികളും തമ്മിലുള്ള തർക്കം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. സസ്പെൻഡ് ചെയ്യപ്പെട്ട
വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയും അപ്പീൽ നൽകുകയും ചെയ്തിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജറില്ലാത്ത ആരെയും പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നുമാണ് വി സിയുടെ കര്ശന നിലപാട്.
സർവകലാശാലാ ക്യാമ്പസിൽ സമരം നടത്തിയതിന്റെ പേരിൽ 16 വിദ്യാർത്ഥികൾ കഴിഞ്ഞ 64 ദിവസമായി സസ്പെൻഷനിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഉടൻ തന്നെ നിരാഹാര സമരവും ആരംഭിക്കും. ഇതിനിടയിൽ, വൈസ് ചാൻസലർ സിസ തോമസിനെതിരെ വിദ്യാർത്ഥികൾ ആക്രമണം നടത്തിയെന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമാക്കുന്ന അച്ചടക്ക സമിതി അംഗത്തിന്റെ റിപ്പോർട്ട് എസ്എഫ്ഐ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

