മുംബൈയിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ നടൻ ഇമ്രാൻ ഖാന് എതിരേ ബോംബെ ഹൈക്കോടതിയുടെ കർശന വിമർശനം.
കേവലം സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രം പോരെന്നും, സംഭവത്തിൽ നിരുപാധികം മാപ്പപേക്ഷ സമർപ്പിക്കണമെന്നുമാണ് കോടതിയുടെ നിർദ്ദേശം. വിദേശ രാജ്യങ്ങളിൽ ഒരു ഇന്ത്യൻ പൗരനാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കാളിയാകുന്നതെങ്കിൽ, അടുത്ത വിമാനത്തിൽ തന്നെ അവരെ നാടുകടത്തുമായിരുന്നു എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിജെപി മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിലാണ് അമേരിക്കൻ പൗരത്വമുള്ള നടന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) രാജ്യം വിടണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമയായ നടൻ ഇന്ത്യയിലെ സമരങ്ങളിൽ പങ്കാളിയാകുന്നത് നിയമപരമായ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി.
ഇതിനെതിരെ നടൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഭാഗത്തുനിന്നും ഈ കടുത്ത പരാമർശങ്ങളുണ്ടായത്. രാജ്യം വിടാനുള്ള നോട്ടീസിന്മേലുള്ള ഇടക്കാല സ്റ്റേ കോടതി ഡിസംബർ ഏഴുവരെ നീട്ടി നൽകിയിട്ടുണ്ട്.
എന്നാൽ കേവലം സത്യവാങ്മൂലം നൽകി തടിയൂരാൻ നോക്കേണ്ടതില്ലെന്നും, ഒസിഐ കാർഡിന്റെ പദവി ദുരുപയോഗം ചെയ്ത് സമരത്തിൽ പങ്കെടുത്തതിന് മാപ്പ് പറയണമെന്നും കോടതി ആവർത്തിച്ചു വ്യക്തമാക്കി. ഒസിഐ കാർഡുള്ള വ്യക്തികൾക്ക് ഇന്ത്യയിലെ സമരങ്ങളിൽ പങ്കെടുക്കുവാൻ അവകാശമില്ലെന്നും, പ്രതിഷേധങ്ങൾ താൽപ്പര്യമുണ്ടെങ്കിൽ അമേരിക്കയിൽ പോയി നടത്താമെന്നും കോടതി ഓർമ്മിപ്പിച്ചു.
വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന നടൻ എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരം ഒരു പ്രതിഷേധത്തിലേക്ക് തിരിഞ്ഞതെന്നും കോടതി ആരാഞ്ഞു. തന്റെ ജോലി, കുടുംബം, ജീവിതം എന്നിവയെല്ലാം ഇന്ത്യയിലാണെന്നും, കഴിഞ്ഞ കുറേക്കാലമായി താൻ ഇവിടെയാണ് ജീവിക്കുന്നതെന്നും ഇമ്രാൻ ഖാൻ കോടതിയിൽ വ്യക്തമാക്കി.
യുഎസിൽ ചിലവഴിച്ച ചുരുക്കം ചില വർഷങ്ങൾ ഒഴിച്ചാൽ തന്റെ ഭവനം ഇന്ത്യയാണെന്ന് നടൻ വാദിച്ചു. അതേസമയം, ഒസിഐ കാർഡുടമകൾക്ക് ഇന്ത്യൻ പൗരന്റേതുപോലെയുള്ള പൂർണ്ണ അവകാശങ്ങൾ ഇല്ലെന്നും, സമൂഹമാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള നടൻ കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ഇരുഭാഗത്തെയും വാദമുഖങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ഇടക്കാല സ്റ്റേ നീട്ടി ഉത്തരവിട്ടത്.
സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബർ 28-നകം രാജ്യം വിടാൻ ആവശ്യപ്പെട്ട് നടന് നോട്ടീസ് ലഭിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

