കോട്ടയം ജില്ലയിലെ മുണ്ടക്കയം ചോറ്റിയിൽ ഒൻപതു പേർക്ക് പരുക്കേൽക്കാൻ ഇടയാക്കിയ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കാറോടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശിയായ ഷാരോൺ (27) എന്നയാൾക്കെതിരെ മുണ്ടക്കയം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നും കണ്ണടച്ചാണ് വാഹനം ഓടിച്ചതെന്നും ഷാരോൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.
ഷാരോൺ ഓടിച്ച കാർ ആദ്യം എതിർദിശയിൽ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. തുടർന്ന് മറ്റ് മൂന്ന് കാറുകളിലും ഒരു സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.
ഈ അപകടത്തിൽ ഒരു വഴിയാത്രക്കാരൻ ഉൾപ്പെടെ ആകെ ഒൻപത് ആളുകൾക്കാണ് പരുക്കേറ്റത്. ഇതിൽ നാല് പേരുടെ പരുക്ക് അതീവ ഗുരുതരമാണ്.
പരുക്കേറ്റവരെ ഉടൻതന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ കാർ ഡ്രൈവർ ഷാരോൺ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരുക്കേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ഇതൊരു സാധാരണ റോഡപകടം മാത്രമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചതോടെയാണ് ദുരൂഹത നീങ്ങിയത്.
പ്രതി വാഹനം അതിവേഗത്തിൽ എത്തിച്ച് മറ്റ് വാഹനങ്ങളിലേക്ക് മനഃപ്പൂർവം ഇടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. *(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

