റിലയൻസ് ഇൻഡസ്ട്രീസ് അടക്കമുള്ള പ്രമുഖ കമ്പനികളുടെ കരുത്തിൽ നവംബർ മാസത്തെ ആദ്യ വ്യാപാരദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിക്ക് ഉജ്ജ്വല തുടക്കം. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് ഒരുവേള 1011 പോയിന്റ് അഥവാ 1.36 ശതമാനം കുതിച്ച് 75,471 വരെ ഉയർന്നു.
നിഫ്റ്റി 23,330 വരെയും മുന്നേറ്റം രേഖപ്പെടുത്തി. രാവിലെ 10.25 ലെ കണക്കുപ്രകാരം സെൻെസക്സ് 990 പോയിന്റ് (+1.33%) നേട്ടത്തോടെ 75,440 നിലവാരത്തിലും, നിഫ്റ്റി 273 പോയിന്റ് (+1.19%) ഉയർന്ന് 23,327 ലുമാണ് വ്യാപാരം തുടരുന്നത്.
വരും മണിക്കൂറുകളിലും സൂചികകൾ ഈ കുതിപ്പ് നിലനിർത്തുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വിപണിയിലെ കുതിപ്പിന് ചുക്കാൻ പിടിച്ചത് റിലയൻസ് ഇൻഡസ്ട്രീസിന്റെ തകർപ്പൻ പ്രകടനമാണ്.
സെൻസെക്സിന്റെ 1000 പോയിന്റ് മുന്നേറ്റത്തിൽ ഇന്ന് 477 പോയിന്റും സംഭാവന ചെയ്തത് റിലയൻസ് ആണ്. ആദ്യ സെഷനിൽ 7.43 ശതമാനം ഉയർന്ന് 1251.40 രൂപയിലാണ് റിലയൻസ് ഓഹരികൾ വ്യാപാരം പുരോഗമിക്കുന്നത്.
ഇതോടെ കമ്പനിയുടെ വിപണിമൂല്യം 17 ലക്ഷം കോടി രൂപയ്ക്കടുത്ത് എത്തിയിട്ടുമുണ്ട്. മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ബ്രോക്കറേജുകൾ ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) ഉയർത്തിയതാണ് റിലയൻസ് ഓഹരികളുടെ കുതിപ്പിന് പ്രധാന കാരണം.
പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് റിലയൻസിന്റെ ലക്ഷ്യവില 1840 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഓഹരികൾ വാങ്ങാമെന്നും വില 1840 രൂപവരെ എത്താമെന്നും ഗോൾഡ്മാൻ സാക്സ് വ്യക്തമാക്കുന്നത് നിക്ഷേപകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിറ്റി, ജെഫറീസ്, നോമുറ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും അടുത്ത 12 മാസത്തിനകം റിലയൻസ് ഓഹരികൾ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ പാദത്തിൽ റിലയൻസിന്റെ സംയോജിത ലാഭം 33.8 ശതമാനം വർധിച്ച് 29,550 കോടി രൂപയിൽ എത്തിയിരുന്നു.
സംയോജിത വരുമാനം 27.8 ശതമാനം ഉയർന്ന് 3.62 ലക്ഷം കോടി രൂപയായും വർധിച്ചു. നികുതിയും പലിശയും അടക്കമുള്ള ബാധ്യതകൾക്ക് മുൻപുള്ള പ്രവർത്തന ലാഭമായ ‘എബിറ്റ്ഡ’ 23.9 ശതമാനം കുതിച്ചതും കമ്പനിക്ക് കരുത്തായി.
മുഖ്യബിസിനസ് വിഭാഗമായ ഓയിൽസ് ടു കെമിക്കൽസ് (ഒ2സി) കൈവരിച്ച മികച്ച പ്രവർത്തനഫലമാണ് ഈ വളർച്ചയ്ക്ക് അടിത്തറ പാകിയത്. ഇറാൻ-യുഎസ് സമാധാനത്തിനായി ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ തുടർന്ന് ക്രൂഡോയിൽ വില താഴ്ന്നതും ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലമായ സാഹചര്യമൊരുക്കി.
ക്രൂഡോയിലുമായി ബന്ധമുള്ള കമ്പനികളുടെ ഓഹരികളും ഇതോടൊപ്പം നേട്ടമുണ്ടാക്കുന്നുണ്ട്. സെൻസെക്സിൽ 4.62 ശതമാനം നേട്ടത്തോടെ ടാറ്റാ സ്റ്റീലാണ് റിലയൻസിന് പിന്നിൽ രണ്ടാമതായി ഉള്ളത്.
മാരുതി സുസുക്കി (2.86%), എൻടിപിസി (2.53%), എസ്ബിഐ (2.28%), അൾട്രാടെക് സിമന്റ് (2.22%), എൽ ആൻഡ് ടി (2%), ഏഷ്യൻ പെയിന്റ്സ് (2%) തുടങ്ങിയ ഓഹരികളും മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുന്നു. ഉത്സവകാല ഡിമാൻഡിനെ തുടർന്ന് കഴിഞ്ഞമാസം വാഹന വിൽപന കുതിച്ചുയർന്നത് മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾക്ക് നേട്ടമായി.
അതേസമയം, ട്രെന്റ് (0.78%), ഇൻഫോസിസ് (0.66%), സൺഫാർമ (0.62%), അദാനി പോർട്സ് (0.43%), ആക്സിസ് ബാങ്ക് (0.22%), ഐസിഐസിഐ ബാങ്ക് (0.13%) തുടങ്ങിയ ഓഹരികൾ ചെറു നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വിപണിയിലെ ഈ മുന്നേറ്റം നിക്ഷേപകരുടെ സമ്പത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്.
ബിഎസ്ഇയിൽ ഇന്ന് മാത്രം നിക്ഷേപക സമ്പത്തിൽ 6 ലക്ഷം കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 30ലെ 474 ലക്ഷം കോടി രൂപയിൽ നിന്ന് ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത നിക്ഷേപക മൂല്യം 480 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

