വയനാട് ജില്ലയിലെ മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സ്കൂളിലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികളാണ് നിലവിൽ പഠിപ്പ് മുടക്കി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയാണ്. അതേസമയം, പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിക്കുന്നുണ്ട്.
ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. ഇതിനിടെ, വിവാദത്തിൽ ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും.
വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആരോപണം. പിടിഎ പ്രസിഡന്റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തിൽ ഔദ്യോഗിക വിശദീകരണം നൽകാനാണ് ഈ വാർത്താസമ്മേളനം.
എന്നാൽ, ആരോപണത്തെ തുടർന്ന് നടത്തിയ പ്രിൻസിപ്പലിന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹയർ സെക്കന്ററി ബോർഡ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയുണ്ടായി.
സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാതെയാണ് സ്കൂൾ പഠന യാത്ര സംഘടിപ്പിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള വടുവഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

