വ്രതശുദ്ധിയുടെയും പ്രാർഥനയുടെയും പ്രൗഢിയിൽ കനത്ത മഴയെയും അവഗണിച്ച് എത്തിയ വിശ്വാസിസഹസ്രങ്ങളുടെ സാന്നിധ്യം കൊണ്ട് പരുമല പ്രദേശം ഭക്തിനിർഭരമായി. പരിശുദ്ധ പരുമല തിരുമേനിയുടെ 124–ാം ഓർമപ്പെരുന്നാളിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന സമുചിതമായ റാസയിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.
സ്വർണക്കുരിശുകളും വെള്ളിക്കുരിശുകളും മുത്തുക്കുടകളും പ്രകാശമാനമായ മെഴുകുതിരികളുമായി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് നടന്ന സന്ധ്യാനമസ്കാരത്തിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.
ചടങ്ങിൽ ഡോ. ഏബ്രഹാം മാർ സെറാഫിം പ്രഭാഷണം നടത്തി.
പള്ളിയുടെ മട്ടുപ്പാവിൽ നിന്ന് കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും ചേർന്ന് വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്വ് നൽകി. പെരുന്നാളിന്റെ ഭാഗമായി ഇന്നലെ നൂറുകണക്കിന് പദയാത്രാ സംഘങ്ങളാണ് പരുമലയിൽ എത്തിച്ചേർന്നത്.
പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്രാ സംഘവും, നാനൂറിലേറെ കിലോമീറ്ററുകൾ പിന്നിട്ട് എത്തിയ മലബാർ ഭദ്രാസനം പദയാത്ര സംഘവും ഇന്നലെ വൈകുന്നേരത്തോടെ പരുമലയിലെത്തി. വിവിധ ഭദ്രാസനങ്ങളിൽ നിന്നും എത്തിയ തീർഥാടകർ വൈകുന്നേരം പരുമല പള്ളിയങ്കണത്തിൽ ഒത്തുകൂടി.
ഇന്ന് രാവിലെ 8.30-ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന നടക്കും. തുടർന്ന് 10.30-ന് ശ്ലൈഹിക വാഴ്വും, ഉച്ചയ്ക്ക് 12-ന് എംജിഒസിഎസ്എം സമ്മേളനവും, ഉച്ചകഴിഞ്ഞ് 2-ന് റാസയും, 3-ന് കൊടിയിറക്കത്തോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
ഇതിനിടെ, പ്രമുഖ ചലച്ചിത്ര താരം മമ്മൂട്ടി പരുമല പള്ളിയിലെത്തി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ പ്രാർഥനാനിരതനായി പുഷ്പാർച്ചന നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി ആളുകൾക്ക് ആശ്വാസം നൽകുന്ന മമ്മൂട്ടി ദൈവത്തിന്റെ പ്രവാചകനാണെന്നും അദ്ദേഹത്തിന്റെ കർമ്മങ്ങളിൽ ദൈവീക കൃപയുണ്ടെന്നും കാതോലിക്കാ ബാവാ ഈ വേളയിൽ അനുസ്മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

