നിർമാണത്തിലെ ഗുരുതരമായ പോരായ്മകൾ പൂർണ്ണമായും പരിഹരിക്കാതെ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഏറ്റെടുക്കാനാകില്ലെന്ന നിലപാടിൽ ആശുപത്രി അധികൃതർ ഉറച്ചുനിൽക്കുന്നതിനിടയിലും, എല്ലാ അപാകതകളും തീർത്തശേഷമുള്ള കൈമാറ്റം പ്രായോഗികമല്ലെന്ന വിചിത്ര വാദവുമായി കിഫ്ബി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രംഗത്ത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നടന്ന സംയുക്ത പരിശോധനയിലും തുടർ അവലോകന യോഗത്തിലുമാണ് ചെയർമാൻ ഈ നിലപാട് സ്വീകരിച്ചത്.
നിർമാണത്തിലെ വീഴ്ചകൾ ഔദ്യോഗിക പരിശോധനകളിൽ വ്യക്തമായിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. എച്ച്എൽഎല്ലിന്റെ അനുബന്ധ സ്ഥാപനമായ ഹൈറ്റ്സ് ഏജൻസിക്കായിരുന്നു കെട്ടിടത്തിന്റെ നിർമാണച്ചുമതലയെങ്കിലും, യഥാർത്ഥത്തിൽ പണി പൂർത്തിയാക്കിയത് ജഗൻ കൺസ്ട്രക്ഷൻ എന്ന സ്വകാര്യ കമ്പനിയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കെട്ടിടത്തിൽ നടത്തിയ പരിശോധനകളിൽ ഒട്ടേറെ പ്രമുഖമായ തകരാറുകളാണ് കണ്ടെത്തിയിട്ടുള്ളത്. ശുചിമുറികളിലെ ഡ്രെയ്നേജ് തകരാർ, അഗ്നി സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ, ലിഫ്റ്റിന്റെ ഇലക്ട്രിക്കൽ ബോർഡിലേക്ക് വെള്ളം ചോരുന്ന സാഹചര്യം, യുപിഎസ് – നെറ്റ്വർക്കിങ് തടസ്സങ്ങൾ, എസിയിലെ ഹെപ്പ ഫിൽറ്റർ മാറ്റേണ്ട
അവസ്ഥ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഫയർ സേഫ്റ്റി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കെട്ടിടം കൈമാറുന്നതിനു മുൻപ് പരിഹരിക്കാമെന്ന് ഹൈറ്റ്സ് ഏജൻസി നേരത്തെ ഉറപ്പുനൽകിയിരുന്നതായി വിവരമുണ്ട്.
കൂടാതെ ഉപകരണങ്ങളുടെയും ഹൗസ്കീപ്പിങ്ങിന്റെയും പോരായ്മകൾ പരിഹരിക്കാനും നിർദേശമുണ്ടായിരുന്നു. ഈ വർഷം ഒക്ടോബറിൽ കൈമാറ്റം നടത്തണമെന്നായിരുന്നു സംയുക്ത പരിശോധനാ യോഗത്തിന്റെ നിർദേശമെങ്കിലും, പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ഏറ്റെടുക്കൽ നടപടികൾ വീണ്ടും നീളുകയാണ്.
അടുത്തിടെയുണ്ടായ വൈദ്യുതി പ്രതിസന്ധിയും വെള്ളക്കെട്ടും ആശുപത്രി അധികൃതരുടെ ആശങ്കകൾ ശരിവെക്കുന്നതായിരുന്നു. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൈലുകൾ ഓരോന്നായി പൊട്ടിവീഴുന്ന നിലയിലാണ്.
ടൈലുകളുടെ മധ്യഭാഗത്ത് ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാത്തതും നാലുവശങ്ങളിൽ മാത്രം പശ പുരട്ടി ഉറപ്പിച്ചതുമൂലം ഉള്ളിൽ ശൂന്യത വരുന്നതുമാണ് ഇതിന് കാരണം. ഇതിൽ ചവിട്ടുമ്പോൾ ടൈലുകൾ എളുപ്പത്തിൽ തകരുകയാണ്.
വാർഡുകളിലും ശുചിമുറികളിലും ഇതിനോടകം നിരവധി ടൈലുകൾ തകർന്നു കഴിഞ്ഞു. ജലവിതരണ പൈപ്പുകളും എസിയുടെ ഡക്ടുകളും ഭിത്തികൾക്കുള്ളിലൂടെയും സീലിങ്ങിനു മുകളിലൂടെയുമാണ് കടന്നുപോകുന്നത് എന്നതിനാൽ ചോർച്ചയുണ്ടായാൽ കണ്ടെത്തുക പ്രയാസമാണ്.
പല മുറികളിലും രാവിലെ വെള്ളം കെട്ടിക്കിടക്കുന്നതും ഭിത്തികളിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നതും പതിവാണ്. എസി സംവിധാനത്തിലെ തകരാറുകളാണ് ഈർപ്പത്തിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ചില ഡെമോൺസ്ട്രേഷൻ മുറികളിൽ ഫാനോ എസിയോ ഇല്ലാത്തതിനാൽ ഡോക്ടർമാരും വിദ്യാർഥികളും വീശിയുപകരണങ്ങളുമായി ഇരിക്കേണ്ട ഗതികേടിലാണെന്നും പരാതിയുണ്ട്.
പല ചികിത്സാ മുറികളിലും ആവശ്യത്തിന് വെന്റിലേഷനില്ല. കൂടാതെ മുറികളുടെ കതകുകൾ കൃത്യമായി അടയ്ക്കാൻ കഴിയാത്ത വിധത്തിലാണ് നിർമിച്ചിരിക്കുന്നത്.
ശുചിമുറികളടക്കം പ്ലൈവുഡിന് സമാനമായ വസ്തുവിലാണ് നിർമിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കാരണം തടി വികസിക്കുന്നതിനാൽ കതകുകൾ ശരിയായി അടയ്ക്കാൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

