പവന് ഒരു ലക്ഷം രൂപയിൽ താഴെ എത്തുമെന്ന് തോന്നിച്ച സ്വർണവിലയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിലെ ട്രെൻഡ് മാറ്റിയെഴുതിയ വിപണിയിൽ ഇന്ന് വില വീണ്ടും വർധിച്ചു.
ഗ്രാമിന് 45 രൂപ കൂടി 12,775 രൂപയിലെത്തി. പവൻ വില 360 രൂപ വർധിച്ച് 1,02,200 രൂപയുമായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ പവൻ വിലയിൽ 9200 രൂപയുടെ കുറവുണ്ടായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതോടെയാണ് കേരളത്തിലും വിലയിൽ മാറ്റമുണ്ടായത്.
ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ നടത്തുന്ന ഇടപെടലാണ് സ്വർണത്തിന്റെ തിരിച്ചുകയറ്റത്തിന് വഴിയൊരുക്കിയത്. സംഘർഷത്തിന്റെ മഞ്ഞുരുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
ഇറാൻ വിഷയത്തിൽ നയതന്ത്ര മാർഗം പരിഗണിക്കുമെന്നു ട്രംപ് സൂചന നൽകിയതും യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷ നൽകുന്നു. ഇതോടെ രാജ്യാന്തര ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു.
തുടർന്ന് രാജ്യാന്തര സ്വർണവില കരകയറ്റം തുടങ്ങി. ലോകത്തെ പ്രധാന 6 കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചികയിലും നേരിയ മാറ്റമുണ്ടായതും സ്വർണത്തിന് നേട്ടമായി.
മറ്റു കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറഞ്ഞു. വെള്ളിയാഴ്ച 3.5 ശതമാനത്തോളം ഇടിഞ്ഞ് ഒരു വർഷത്തെ താഴ്ന്ന നിലയായ ഔൺസിന് 3876 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് വിലയിൽ ആശ്വാസറാലി കാത്തിരുന്നവർക്ക് പ്രതീക്ഷയായി തുടക്കത്തിൽ സ്വര്ണം നേരിയ മുന്നേറ്റം നടത്തിയിരുന്നു. ഔൺസിന് 3915 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് വില ചാഞ്ചാട്ടത്തിലായി.
നിലവിൽ 3905 ഡോളർ എന്ന നിലയിലാണ് സ്വർണവ്യാപാരം. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്വർണവില കൂടുതൽ ചാഞ്ചാട്ടത്തിലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യുഎസിൽ നിന്ന് പുറത്തുവരാനിരിക്കുന്ന തൊഴിൽ, സാമ്പത്തിക കണക്കുകളും സ്വർണവിലയെ സ്വാധീനിക്കും. എന്നാൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫലവും അതിനുശേഷം അദ്ദേഹം സ്വീകരിക്കുമെന്ന നിലപാടുകളുമാകും നിർണായകമാവുക.
സമാധാന ശ്രമങ്ങൾ പരാജയപ്പെടുകയും പശ്ചിമേഷ്യ സംഘർഷത്തിലാവുകയും ചെയ്താൽ എണ്ണവില വീണ്ടും കത്തും. ഇത് പണപ്പെരുപ്പവും അടിസ്ഥാന പലിശ നിരക്കും വർധിപ്പിക്കാൻ ഇടയാക്കും.
സ്വർണവിലയെ സാരമായി ബാധിക്കുന്ന നീക്കമായിരിക്കും ഇത്. എന്നാൽ കേന്ദ്രബാങ്കുകളിൽ നിന്നടക്കമുള്ള ഡിമാൻഡ് നിലനിൽക്കുന്നതിനാൽ സ്വർണവില കുത്തനെ ഇടിയാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു.
പുതുക്കിയ വിലയിൽ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജും ചേർത്ത് 1,12,500 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും.
കേരളത്തിൽ 3 മുതൽ 30 ശതമാനം വരെയാണ് സാധാരണ പണിക്കൂലി ഈടാക്കുന്നത്. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 10,455 രൂപയിലെത്തി.
14 കാരറ്റ് സ്വർണം ഗ്രാമിന് 8180 രൂപയിലും 9 കാരറ്റ് 5275 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിൽ മാറ്റമില്ല.
ഗ്രാമിന് 200 രൂപയിൽ തന്നെയാണ് വിൽപന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

