പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത വീണ്ടും ശക്തമാക്കി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം റിപ്പോർട്ട് ചെയ്തു. വിലക്ക് ലംഘിച്ചെത്തിയ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തകർന്നതായി ഇറാൻ വ്യക്തമാക്കി.
ഇന്നലെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള എൽഎൻജി കപ്പലിനു നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. നാളെ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ഇറാനെ ആക്രമിക്കാൻ യുഎസ്-ഇസ്രയേൽ സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവവികാസങ്ങൾ.
ആക്രമണങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ശനിയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും തമ്മിൽ ചർച്ച നടത്തിയതായി വിവരങ്ങളുണ്ട്. ഈ കൂടിക്കാഴ്ച നടന്നതായി ട്രംപ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
എന്നാൽ സൈനിക നീക്കത്തിന് പകരം നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ തുടരുന്നുമുണ്ട്.
ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം സ്വർണവില തിരിച്ചു കയറുന്ന പ്രവണത കാണിക്കുന്നുണ്ട്.
ഇസ്രയേൽ-യുഎസ് ആക്രമണമുണ്ടായാൽ യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ഇനിയൊരു ആക്രമണമുണ്ടായാൽ ഇറാനിയൻ മിസൈലുകൾ യൂറോപ്പിലേക്ക് എത്തുമെന്ന് മുൻ വിദേശകാര്യമന്ത്രി മനോച്ചർ മുത്തകി വ്യക്തമാക്കി.
വീണ്ടും ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് സംഘർഷം വ്യാപിപ്പിക്കണമെന്ന് ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമനയി കഴിഞ്ഞ ദിവസം ഇറാൻ സൈന്യത്തിന് നിർദേശം നൽകിയിരുന്നു. ചർച്ചകളിലൂടെയായാലും യുദ്ധത്തിലൂടെയായാലും വൈകാതെ സംഘർഷത്തിന് അന്ത്യമുണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി.
ഇറാന്റെ മുന്നിൽ രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകിൽ അവർ ഞങ്ങളുമായി സമാധാന കരാറിലെത്തണം.
അല്ലെങ്കിൽ ഞങ്ങൾ ഇറാനെ തീർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ നേതാക്കളെ വധിച്ചതിൽ യുഎസ് ഒരൽപം കടന്നുപോയെന്ന സൂചനയും അദ്ദേഹം നൽകി.
ഇറാനെ പൂർണമായും തകർത്തു. അവരുടെ നേതാക്കളെ മുഴുവൻ ഇല്ലാതാക്കി.
അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലൊന്ന്. ഇറാനുമായി ചർച്ച നടത്താൻ നേതാക്കളാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണവില കുറഞ്ഞു. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 2 ശതമാനത്തോളം ഇടിഞ്ഞ് 111.3 ഡോളറിലെത്തി.ഡബ്ല്യുടിഐ ക്രൂഡോയിൽ 101.8 ഡോളറിലും യുഎഇ മർബൻ ക്രൂഡ് 114 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
ഒക്ടോബറിൽ മാത്രം ക്രൂഡോയിൽ വില 14 ശതമാനം വർധിച്ചിരുന്നു. യുഎസ്, ഇസ്രയേൽ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ എണ്ണവില അടുത്ത ആഴ്ചകളിലും ചാഞ്ചാടാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
യുദ്ധം അവസാനിച്ചാലും എണ്ണവില ബാരലിന് 70-90 ഡോളർ നിലവാരത്തിൽ തുടരുമെന്നാണ് ഡാനിഷ് ബാങ്കായ സാക്സോയുടെ പ്രവചനം. ഡിസംബറിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 105 ഡോളറിലെത്തുമെന്നാണ് സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം.
നേരത്തെ ഇത് 90 ഡോളറായിരുന്നു. 2027ലെ ശരാശരി വില ബാരലിന് 80 ഡോളറിൽ നിന്ന് 88 ഡോളറായും ഉയർത്തിയിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ, ഇറാൻ-യുഎസ് യുദ്ധങ്ങൾ 2027ൽ വിപണിയിൽ പ്രതിദിനം 10 ലക്ഷം ബാരല് ക്രൂഡോയിലിന്റെ കുറവുണ്ടാക്കുമെന്നും ഇവർ വിലയിരുത്തുന്നു. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന കാര്യത്തിൽ ഇന്ത്യൻ നിക്ഷേപകരും കടുത്ത ആശങ്കയിലാണ്.
യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് മുൻകൈ ലഭിച്ചാലും കുടിയേറ്റം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായുള്ള അസ്വാരസ്യങ്ങൾക്ക് പൂർണ്ണ പരിഹാരമായേക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തന്ത്രപ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളുമായുള്ള സഹകരണം തുടരും.
എന്നാൽ ഡെമോക്രാറ്റുകളുടെ വിജയം ട്രംപിന്റെ തീരുവ പോലുള്ള കടുത്ത തീരുമാനങ്ങളിൽ നിന്ന് തടഞ്ഞേക്കും. എങ്കിലും പ്രസിഡന്റിന്റെ സവിശേഷമായ എക്സിക്യൂട്ടിവ് അധികാരങ്ങൾക്ക് കുറവുണ്ടാകില്ല.
ഇന്ത്യൻ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം പുനരാരംഭിച്ചേക്കാവുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷമാണ്. പശ്ചിമേഷ്യയിലെ അന്തരീക്ഷം കൂടുതൽ വഷളാകുന്നത് രാജ്യാന്തര എണ്ണവില വീണ്ടും വർധിക്കാൻ ഇടയാക്കും.
ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വീണ്ടും കൂട്ടും. ഓഹരികൾക്കും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിനും ഇത് തിരിച്ചടിയാകുമെന്നും ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസിന്റെ വിലയിരുത്തലിൽ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് ശേഷം യുഎസ് ഓഹരികൾ മുന്നേറിയതാണ് ചരിത്രമെന്നും ബ്രോക്കറേജുകൾ ചൂണ്ടിക്കാണിക്കുന്നു. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ 60 ദിവസത്തിനുള്ളിൽ എസ് ആൻഡ് പി 6 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ.
120 ദിവസത്തിനുള്ളിൽ 12 ശതമാനവും 180 ദിവസത്തിനുള്ളിൽ 17 ശതമാനവുമാണ് ശരാശരി റിട്ടേൺ. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ പാർട്ടി പരാജയപ്പെട്ടാൽ പോലും ഈ ട്രെൻഡ് ആവർത്തിക്കാറുണ്ടെന്നതാണ് പ്രത്യേകത.
എന്നാൽ ഇക്കുറി ഈ ട്രെൻഡ് തുടരാൻ സാധ്യതയില്ലെന്നാണ് എംകേയുടെ വിലയിരുത്തൽ. 6 മാസത്തെ കണക്കെടുത്താൽ എസ് ആൻഡ് പി സൂചിക 12 ശതമാനം നേട്ടത്തിലാണ്.
ഇത് തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമുള്ള കുതിപ്പിനു തടസമാണ്. ക്രൂഡോയിൽ വിലയും യുഎസ് ബോണ്ടുകളിൽ നിന്നുള്ള ആദായവും ഉയർന്നത് ഇതിന് പ്രധാന വിലങ്ങുതടിയാകുമെന്നും ഇവർ കരുതുന്നു.
ഡീസൽ, വ്യോമയാന ഇന്ധന കയറ്റുമതിക്ക് നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ഇന്ന് എണ്ണക്കമ്പനികളുടെ ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കും. ഡീസലിന്റെ ‘വിൻഡ്ഫോൾ നികുതി’ ലീറ്ററിന് 8.5 രൂപയിൽ നിന്ന് 11 രൂപയായാണ് ഉയർത്തിയത്.
വ്യോമയാന ഇന്ധനത്തിന്റേത് ലീറ്ററിന് 10.5 രൂപയിൽ നിന്ന് 11 രൂപയായി വർധിപ്പിച്ചു. എന്നാൽ പെട്രോളിന് ഏർപ്പെടുത്തിയിരുന്ന നികുതി പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഇത് എണ്ണക്കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. ഒക്ടോബറിൽ രാജ്യത്തെ ജിഎസ്ടി വരുമാനം 22.9% വളർന്ന് 2.31 ലക്ഷം കോടി രൂപയിലെത്തി.
നാലു വർഷത്തിനിടെ ഒരു മാസത്തിൽ ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട
നികുതി കൂടിയതാണ് വരുമാനം വർധിക്കാനുള്ള കാരണം. ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനം 42.2% കുതിച്ച് 72,246 കോടി രൂപയിലെത്തി.
നടപ്പുസാമ്പത്തിക വർഷത്തിൽ ഇതു നാലാം തവണയാണ് ജിഎസ്ടി വരുമാനം 2 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുന്നത്. 2026 ഏപ്രിലിൽ രേഖപ്പെടുത്തിയ 2.43 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള റെക്കോർഡ്.
ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ആവേശമായേക്കാവുന്ന കണക്കുകളാണിത്. രാജ്യത്ത് മികച്ച ഡിമാൻഡ് നിലനിൽക്കുന്നതിന്റെ സൂചനയാണ് ഉയർന്ന നികുതി വരുമാനം വ്യക്തമാക്കുന്നത്.
കൺസ്യൂമർ, റീട്ടെയിൽ, ഓട്ടോ, ഫിനാൻഷ്യൽ ഓഹരികൾ ഇന്ന് വിപണിയുടെ ശ്രദ്ധാകേന്ദ്രമായേക്കും. അവസാന വ്യാപാര ദിവസം ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 0.51 ശതമാനം മുന്നേറി 23,053.10ലെത്തി. സെൻസെക്സ് 0.42 ശതമാനം മുന്നേറി 74,459.53 എന്ന നിലയിലും ക്ലോസ് ചെയ്തു.
ഇന്നും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത. വിപണിയുടെ ഗതി അളക്കാൻ സഹായിക്കുന്ന ഗിഫ്റ്റ് നിഫ്റ്റി 180 പോയിന്റോളം ഉയർന്നിട്ടുണ്ട്.
ക്രൂഡോയിൽ വിലയും എഐ ഓഹരികളിലെ ഇടിവും ഇന്ന് നിക്ഷേപകരെ സ്വാധീനിക്കും. വെള്ളിയാഴ്ചയിലെ കൂട്ടത്തകർച്ചയ്ക്കു ശേഷം യുഎസ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട
ഫ്യൂച്ചറുകൾ നേട്ടത്തിലായി. ഇടക്കാല തിരഞ്ഞെടുപ്പും കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളും വിപണിയുടെ രക്ഷയ്ക്കെത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
വെള്ളിയാഴ്ച പുറത്തുവരുന്ന യുഎസിലെ നോൺ ഫാമിങ് കണക്കുകളും നിർണായകമാകും. ഒക്ടോബറിൽ 55,000 തൊഴിലുകൾ വർധിച്ചിട്ടുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
ആപ്പിൾ അടക്കമുള്ള വൻ കമ്പനികളുടെ പാദഫലങ്ങളും വിപണിക്ക് നിർണായകമാണ്. അതേസമയം, ഏഷ്യൻ വിപണികൾ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
ജപ്പാനിലെ നിക്കെയ് സൂചിക 0.5 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി സൂചിക 1.4 ശതമാനവും ഇടിവിലാണ് തുടങ്ങിയത്. പിന്നീട് കൊറിയൻ സൂചിക നേട്ടത്തിലായി.
ജാപ്പനീസ് സെമിക്കണ്ടക്ടർ കമ്പനിയായ കിയോക്സിയയുടെ ഓഹരികൾ 14 ശതമാനം ഇടിഞ്ഞു. എന്നാൽ ഹോങ്കോങ്, ഷാൻഹായ് സൂചികകൾ ഇന്ന് നേട്ടത്തിലുമാണ്.
രാജ്യത്തെ ഓഹരി വിപണിയെ ശക്തിപ്പെടുത്തുന്നതിന് ബാങ്കുകളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും കാണുമെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയത് ഓഹരികൾക്ക് കരുത്തായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

