കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 25ന് നടന്ന പ്രതിഷേധത്തിനിടയിൽ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നിഗമനത്തിലേക്ക് നയിച്ചത് മുൻ മന്ത്രി വീണാ ജോർജിന്റെ ഗൺമാനായിരുന്ന എം.എസ്.അഭിലാഷിന്റെ നിർണായക മൊഴിയാണ്. സമരക്കാർ ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വീണയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രാരംഭ ഘട്ടത്തിലെ എഫ്ഐആർ.
കരിങ്കൊടി കാണിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് കെഎസ്യു പ്രവർത്തകർ തനിക്കുനേരെ ചാടിവീഴുകയും കഴുത്തിൽ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു എന്നായിരുന്നു ഗൺമാൻ അഭിലാഷ് അന്ന് നൽകിയ ഔദ്യോഗിക പരാതി. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്.മുബാസ്, അഹമ്മദ് യാസിൻ എന്നിവർ 16 ദിവസത്തോളം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടി.ഒ.മോഹനൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം ആരംഭിച്ചത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം താൻ നേരിട്ട് കണ്ടിട്ടില്ലെന്നും അന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടത് വീണാ ജോർജ് നിർദ്ദേശിച്ചിട്ടാണെന്നുമാണ് അഭിലാഷ് പുതിയ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
ഈ മൊഴിമാറ്റമാണ് വീണാ ജോർജിന് വലിയ തിരിച്ചടിയായി മാറിയത്. എന്നാൽ തനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും ആ ദൃശ്യങ്ങൾ ശ്രദ്ധിച്ചത് ഗൺമാനാണെന്നുമാണ് വീണ എസ്ഐടിയോട് വിശദീകരിച്ചിരുന്നത്.
അതിനിടെ, വീണാ ജോർജിന് നേരെ കയ്യേറ്റം നടന്നിട്ടുണ്ടെന്ന നിലപാടിൽത്തന്നെയാണ് സിപിഎം നേതൃത്വം ഉറച്ചുനിൽക്കുന്നത്. പ്രതിരോധിക്കാൻ എത്തിയ കെഎസ്യു പ്രവർത്തകർ പുഷ്പഹാരം നൽകാനാണോ റെയിൽവേ സ്റ്റേഷനിൽ എത്തിയത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ മാധ്യമങ്ങളോട് ചോദിച്ചു.
പ്രതിപക്ഷത്തിരുന്ന കാലത്ത് ചെയ്ത രാഷ്ട്രീയ അബദ്ധങ്ങൾ മൂടിവെക്കാനും ന്യായീകരിക്കാനുമാണ് നിലവിൽ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു. അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്ഐടി തലവനും കെഎപി നാലാം ബറ്റാലിയൻ കമാൻഡുമായ യു.പ്രേമൻ തന്റെ ഔദ്യോഗിക വിരമിക്കൽ ദിവസമായ ശനിയാഴ്ചയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയതും ഇതേ ദിവസം തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

