ദില്ലി രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വലിയ പരാജയമായിരുന്നെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്ന വേളയിൽ ആളുകൾ മൈതാനത്തുനിന്ന് ഇറങ്ങിപ്പോയെന്നാണ് ബിജെപിയുടെ പ്രധാന വിമർശനം.
പത്ത് ലക്ഷത്തോളം ആളുകൾ ഒത്തുകൂടുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനമെങ്കിലും, മൈതാനത്തിന്റെ 40 ശതമാനവും ആളുകൾ ഇല്ലാതെ വിജനമായി കിടക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു. റാലിയിൽ പ്രദർശിപ്പിച്ച ജനക്കൂട്ടം വെറും ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമാണെന്നും ഇത്തരം തന്ത്രങ്ങൾ കൊണ്ടുമാത്രം ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും ബിജെപി ദേശീയ വക്താവ് സംബീത് പാത്ര വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിക്കേണ്ടത് രാംലീല മൈതാനിയിൽ നിന്നല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് അതിന്റെ ഫലങ്ങളെ ചോദ്യം ചെയ്യേണ്ടത്, അല്ലാതെ ഇപ്പോഴല്ല.
2024-ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഹർജി കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അത് കാണിച്ചുതരാൻ അദ്ദേഹം വെല്ലുവിളിച്ചു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റതെന്നും സംബീത് പാത്ര വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടാണ് ‘ഇന്ത്യ’ സഖ്യം ദില്ലിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവരെയും കടുത്ത ഭാഷയിലാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ വിമർശിച്ചത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച ഗ്യാനേഷിന് ഭാവിയിൽ ജയിലിൽ പോകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 2024-ന് ശേഷം 13 കോടി ജനങ്ങളെയാണ് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.
2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. മോദിയും അമിത് ഷായും എവിടെയും ഒളിച്ചോടേണ്ടതില്ലെന്നും, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വോട്ടെടുപ്പിലെ തിരിമറി സാധാരണ മോഷണമല്ല, മറിച്ച് രാജ്യദ്രോഹമാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തരമന്ത്രിയോ ആകില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. താൻ വഹിച്ച പങ്കിന് ഗ്യാനേഷ് കുമാർ ജയിലിൽ പോകുമെന്നും അദ്ദേഹം ആവർത്തിച്ചു.
രാജ്യത്തെ കർഷകർക്ക് അർഹമായ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും, യുവാക്കൾക്ക് തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും തൊഴിലാളികൾ വഞ്ചിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മുഴുവൻ സമ്പത്തും ചുരുക്കം ചില കോർപ്പറേറ്റുകളുടെ കൈകളിൽ എത്തിച്ചേർന്നിരിക്കുകയാണെന്നും, അത്തരത്തിലുള്ള ഒരു ഇന്ത്യയല്ല തങ്ങൾക്ക് ആവശ്യമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

