കൊച്ചി: കോടതി ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന മുൻ ഉത്തരവ് സർവകലാശാല അധികൃതർ പാലിക്കാത്തതിനെ തുടർന്നാണ് 16 വിദ്യാർത്ഥികൾ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നത്.
സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കഴിഞ്ഞ 60 ദിവസത്തിലധികം ആയി സസ്പെൻഷനിൽ കഴിയുന്നവരാണ് ഈ വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് തുറന്നു നൽകണമെന്നും ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അവസരം ഒരുക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം.
ഇതിനായി കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ സർവകലാശാല സൈറ്റ് തുറന്നു നൽകാത്തതിനാൽ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല.
ഈ സാഹചര്യത്തിലാണ് സർവകലാശാല വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി തേടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിന്റെ തുടർന്നുള്ള നിയമനടപടികൾക്കായി കാലടി പൊലീസിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
അതേസമയം, വിഷയം സർക്കാരിന്റെ പരിധിയിൽ വരുന്നതല്ലെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിദ്യാർത്ഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർവകലാശാലയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഇതിൽ സർക്കാർ ഇടപെടേണ്ട
സാഹചര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

