പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായി അമേരിക്കയും ഇസ്രായേലും വീണ്ടും ആക്രമണം നടത്തിയാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി. ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുന്നതിൽ യാതൊരു തിടുക്കവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രതികരണമുണ്ടായിരിക്കുന്നത്.
വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാനുമായുള്ള നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അവർ ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സൈന്യത്തിനും പൊലീസിനും ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ആരോപിച്ച ട്രംപ്, ഏഴു മാസമായി തുടരുന്ന സംഘർഷത്തിൽ അമേരിക്കയ്ക്ക് യാതൊരുവിധത്തിലുള്ള തിടുക്കവുമില്ലെന്നും കൂട്ടിച്ചേർത്തു. ഈ പശ്ചാത്തലത്തിൽ, ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയ മൊജ്തബ ഖമനേയി, സായുധ സേനയ്ക്ക് കർശന നിർദ്ദേശങ്ങൾ നൽകി.
ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉണ്ടായാൽ ഉടനടി ഫലപ്രദമായും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെയും അവയെ നേരിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ശത്രുക്കളുടെ ഭാഗത്തുനിന്ന് വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ നീക്കങ്ങൾ ഉണ്ടായാൽ, യുദ്ധം അവസാനിപ്പിക്കേണ്ട
സമയവും സാഹചര്യവും ഇറാനും തങ്ങളുടെ ജനതയും മാത്രമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ആര് ആരംഭിച്ചാലും അത് എപ്പോൾ, എങ്ങനെ അവസാനിപ്പിക്കണമെന്ന് ഇനി ഇറാൻ തീരുമാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മറ്റൊരു വശത്ത്, സംഘർഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ് അയച്ച കത്ത് ലഭിച്ചതായും ചർച്ചകൾക്കായുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയിൽ ഹോർമുസ് കടലിടുക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും തുറക്കുന്നതിനുള്ള നിർദ്ദേശവും സജീവ പരിഗണനയിലുണ്ട്.
ഇതിനിടയിൽ, ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭാഷണത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ചൈനയും രംഗത്തെത്തിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ശക്തമായ സൈനിക മുന്നറിയിപ്പുകൾ മേഖലയിൽ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

