ദേശീയപാതയോരങ്ങളിൽ വളർന്നു നിൽക്കുന്ന പുല്ലും കാടും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ദേശീയപാത അധികൃതർക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ കർശന നിർദ്ദേശം നൽകി. ജില്ലാവികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായാണ് റോഡരികിലെ കാട് വെട്ടിത്തെളിക്കുന്നത്. ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, ഇനി മണർകാട്, കോട്ടയം മേഖലകളിൽ മാത്രമാണ് ഇത് പൂർത്തിയാക്കാനുള്ളതെന്നും ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
റോഡിന്റെ അരിക് ഉയർന്നു നിൽക്കുന്നത് യാത്രാവേളകളിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും, ഇതിന് ശാശ്വത പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എം.സി.
റോഡിൽ ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കോട്ടയം നഗരസഭാ അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത വിഭാഗത്തിന്റെ എൻ.ഒ.സി ലഭിക്കുന്നതിനായി ഔദ്യോഗികമായി കത്തു നൽകും.
ചിങ്ങവനം മേഖലയിൽ ഡിവൈഡറിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിശദമായ ഒരു പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുൻപ് റോഡുകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നാട്ടകം ഗസ്റ്റ് ഹൗസ് നവീകരണവുമായി ബന്ധപ്പെട്ട പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, അടുത്ത വർഷം മാർച്ചോടെ പണികൾ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കൈയേറ്റങ്ങളും അനധികൃത ഭക്ഷണശാലകളുടെ പ്രവർത്തനവും കാരണം കൊടൂരാറിന്റെ തീരത്തുള്ള നടപ്പാത പൂർണ്ണമായും ശോച്യാവസ്ഥയിലാണെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കോട്ടയം നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പഴയ ബോട്ടുകൾ ഉപയോഗിച്ച് ഇവിടെ അനധികൃതമായി ഹോട്ടൽ വ്യാപാരം നടക്കുന്നുണ്ടെന്നും, ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത് നടപ്പാത കൈയേറിയിരിക്കുകയാണെന്നും യോഗത്തിൽ പരാതി ഉയർന്നു.
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം നൽകുന്നതായി ലഭിച്ച പരാതിയെ തുടർന്ന് 36 ഹോട്ടലുകളിൽ പരിശോധന നടത്തിയതായി നഗരസഭ അറിയിച്ചു. ഇതിൽ പഴകിയ ഭക്ഷണം കണ്ടെത്തിയ 14 ഹോട്ടലുകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ചിരിക്കുന്ന ഷീ ഷോയ്ലറ്റുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടാതെ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. നാഗമ്പടം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മുലയൂട്ടൽ കേന്ദ്രത്തിൽ ആവശ്യമായ വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കണമെന്നും നഗരസഭയോട് ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹൻ കെ.
നായർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലയ്ക്കലോടി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

