തിരുവനന്തപുരം∙ കൊല്ലം-കോട്ടയം മെമു എറണാകുളത്തേക്കു നീട്ടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ പ്രതിഷേധം ശക്തമായതിനിടയിൽ, രാഷ്ട്രീയ വാഗ്വാദങ്ങളും കനക്കുന്നു. സേവനം നീട്ടിയതിനെച്ചൊല്ലി അവകാശവാദവുമായി രംഗത്തുവന്ന ജനപ്രതിനിധികൾക്കെതിരെ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.
ഇതിനിടയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തിയത്. മെമു നീട്ടിയതുമായി ബന്ധപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിന് താഴെ കോട്ടയത്തുനിന്നുള്ള നിരവധി യാത്രികരാണ് തങ്ങളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
ഈ പരാതികൾക്ക് മറുപടി നല്‍കിയപ്പോഴാണ് വിവാദത്തിന് താനല്ല ഉത്തരവാദി എന്ന് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് ബിജെപി നേതാവിനെതിരെ തിരിഞ്ഞത്. പുതിയ റേക്കായിരുന്നു റെയില്‍വേ മന്ത്രി സമ്മതിച്ചിരുന്നതെന്നും എന്നാല്‍ അഭിനവ യൂദാസ് ചമഞ്ഞ ബിജെപിയുടെ കേരളത്തിലെ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് കോട്ടയം-കൊല്ലം മെമു ഇല്ലാതായതിനു പിന്നില്‍ എന്നും കൊടിക്കുന്നില്‍ മറുപടി നല്കി.
കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാ ദുരിതത്തിനു പരിഹാരമായി പുതിയ മെമു സർവീസ് ആരംഭിക്കുന്നു എന്ന തരത്തിലായിരുന്നു കൊടിക്കുന്നില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നത്. പുതിയ സര്‍വീസിന്റെ അനുമതി ഫയലില്‍ ഒപ്പുവച്ചതിനു ശേഷം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം ഡല്‍ഹിയിലെ റെയില്‍ഭവനില്‍ നില്ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
ട്രെയിന്‍ അനുവദിച്ചതിന്റെ ക്രെയിം ഉന്നയിച്ച് കൊടിക്കുന്നിലും എന്‍.കെ. പ്രേമചന്ദ്രനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള സമൂഹമാധ്യമ പോരുകൾ ഇതിനകം തന്നെ രാഷ്ട്രീയ കേരളത്തിൽ ചർച്ചയായിരുന്നു.
ഇതിനിടയിലാണ് മെമു നീട്ടിയതുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം നേതാക്കൾക്ക് തിരിച്ചടിയായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

