സംസ്ഥാന സ്കൂൾ കായികമേളയിൽ വേറിട്ട പ്രതിഷേധവും ഐക്യദാർഢ്യ പ്രഖ്യാപനവുമായി സ്വർണമെഡൽ ജേതാവ്.
ഭക്ഷണത്തിൽ പുഴു കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കസ്റ്റഡിയിലായ കായികാധ്യാപകൻ ജിജോ ജെയിംസിന് പിന്തുണയുമായി ജൂനിയർ ഗേൾസ് ഹാമർത്രോയിൽ സ്വർണം നേടിയ മരിയ അലോഷ്യ ജസ്റ്റിൻ രംഗത്തെത്തി.
45.91 മീറ്റർ ദൂരം എറിഞ്ഞാണ് മരിയ തുടർച്ചയായ രണ്ടാം വർഷവും സുവർണ നേട്ടം സ്വന്തമാക്കിയത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ‘ജസ്റ്റിസ് ഫോർ കോച്ച്’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിക്കാട്ടിയാണ് താരം തന്റെ പരിശീലകനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം അറിയിച്ചത്.
തന്റെ പ്രിയപ്പെട്ട അധ്യാപകൻ പൂർണ്ണമായും നിരപരാധിയാണെന്നും അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നും മരിയ മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷമായി ജിജോ ജെയിംസിന്റെ ശിക്ഷണത്തിലാണ് മരിയ പരിശീലനം നേടുന്നത്. എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വി.എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിനിയായ മരിയ, ആലപ്പുഴ കലവൂർ സ്വദേശിനിയാണ്.
ജസ്റ്റിൻ ആന്റണിയാണ് പിതാവ്, മാതാവ് ഷർളി നഴ്സായി ജോലി ചെയ്യുന്നു. അതിനിടെ, ഭക്ഷണത്തിലെ പുഴുവിവാദവുമായി ബന്ധപ്പെട്ട് കായികാധ്യാപകനെതിരെയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ജിജോ ജെയിംസിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഫോൺ ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ സൈബർ വിഭാഗത്തിലേക്ക് കൈമാറും.
കൂടാതെ അധ്യാപകന്റെ കോൾ ഡീറ്റെയ്ൽ റെക്കോർഡുകളും (സി.ഡി.ആർ) പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ഊട്ടുപുരയിലെ സി.സി.ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു വരികയാണ്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വശങ്ങളും അന്വേഷണ പരിധിയിലാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

