ഉത്തരാഖണ്ഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ആറുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
കേന്ദ്ര ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (AAIB) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തീർത്ഥാടന കേന്ദ്രമായ ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് സർവീസ് നടത്തുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയോടെ ജോഷിമഠിന് സമീപം തകർന്ന് വീണത്.
ജോഷിമഠിലെ ഛായി ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് 1:12-ന് പുറപ്പെട്ട ഹെലികോപ്റ്ററുമായുള്ള റഡാർ-റേഡിയോ ബന്ധം 1:14-ഓടെ പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.
വാഹനം പെട്ടെന്ന് താഴേക്ക് പതിക്കുന്നത് സമീപത്തെ കരസേനാ പോസ്റ്റിലുണ്ടായിരുന്ന സൈനികരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ താഴ്വരയിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട
ഇവർ വിവരം ഉടൻ തന്നെ കൺട്രോൾ റൂമിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സേനയും ദുരന്ത നിവാരണസേനയും പൊലീസും സംയുക്തമായി നടത്തിയ ഊർജിത പരിശോധനയിലാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തത്.
അപകടത്തിൽ ഹെലികോപ്റ്ററിന്റെ പൈലറ്റ് ദില്ലി സ്വദേശി ക്യാപ്റ്റൻ ഹിമാൻഷു സബർവാൾ, യാത്രക്കാരായിരുന്ന ബംഗളൂരു സ്വദേശികളായ അരുൺ സാലുങ്കെ, എച്ച്.എസ്. നടരാജ്, കെ.
സുധീർ, ശങ്കർ ഗൗഡ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട
ഹെലികോപ്റ്ററിന് തൊട്ടുമുമ്പ് ഇതേ റൂട്ടിലൂടെ മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയിരുന്നു. അതിനാൽ അപകടത്തിന് കാരണം പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണോ അതോ ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറാണോ എന്നതാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രധാനമായും പരിശോധിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉത്തരാഖണ്ഡിൽ സംഭവിക്കുന്ന 13-ാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഇതിൽ ആറ് അപകടങ്ങളിൽ മാത്രം 27 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
തീർത്ഥാടന സീസണുകളിൽ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി മേഖലകളിൽ സർവീസ് നടത്തുന്ന ഹെലികോപ്റ്ററുകളുടെ സുരക്ഷാ പരിശോധനകളിലെ ഗുരുതര വീഴ്ചയാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ് ഭാരത് ഏവിയേഷൻ കമ്പനിയുടെ മുഴുവൻ ഹെലികോപ്റ്റർ സർവീസുകളും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റി താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
തുടർച്ചയായ ഇത്തരം അപകടങ്ങൾ മേഖലയിലെ വ്യോമ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

