തൃശൂർ ജില്ലയിലെ പുതുക്കാട് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന എസ്ബിഐയുടെ തുറവ് ശാഖയിലെ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം നടന്നു. എടിഎം, സിഡിഎം മെഷീനുകളുടെ കവചം ഹാൻഡ് കട്ടർ മെഷീൻ ഉപയോഗിച്ച് അറുത്തുമാറ്റാൻ ശ്രമിച്ച നിലയിലാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ ഹെൽമറ്റ് ധരിച്ചെത്തിയ ഒരാളാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പുതുക്കാട് പൊലീസും വിരലടയാള വിദഗ്ധരും ബാങ്കിന്റെ സാങ്കേതിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
രാവിലെ കൗണ്ടറിൽ ശുചീകരണ ജോലികൾക്കായി എത്തിയ ജീവനക്കാരിയാണ് മെഷീനുകളിൽ അറുത്തുമാറ്റാൻ ശ്രമിച്ച പാടുകൾ കണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. പരിശോധനയിൽ ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
പുലർച്ചെ 12.45-ഓടെ എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ച പ്രതി, ആദ്യം മെഷീനുകളിലെയും കൗണ്ടർ റൂമിലെയും സിസിടിവി ക്യാമറകളിൽ പെയിന്റ് സ്പ്രേ ചെയ്യുകയായിരുന്നു. എന്നാൽ ഒരു ക്യാമറ ഇയാളുടെ ശ്രദ്ധയിൽപെടാതെ പോയി.
ഈ ക്യാമറയിലാണ് മോഷണശ്രമത്തിന്റെ ദൃശ്യങ്ങൾ ഭാഗികമായി പതിഞ്ഞത്. പിന്നീട് ഈ ക്യാമറയിലും ഇയാൾ പെയിന്റ് സ്പ്രേ ചെയ്ത് മറയ്ക്കാൻ ശ്രമിച്ചു.
എടിഎം, സിഡിഎം മെഷീനുകളുടെ പണം സൂക്ഷിക്കുന്ന ട്രേയുടെ പുറംഭാഗമാണ് കട്ടർ ഉപയോഗിച്ച് അറുത്തിട്ടുള്ളത്. എടിഎമ്മിലേക്ക് മറ്റുള്ളവർ പണം പിൻവലിക്കാനായി തുടർച്ചയായി എത്തിയതുകൊണ്ടോ അല്ലെങ്കിൽ കട്ടറിലെ ചാർജ് തീർന്നതുകൊണ്ടോ ആകാം മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പൊലീസ് സ്റ്റേഷനിലേക്കോ സുരക്ഷാ വിഭാഗത്തിലേക്കോ അപായമുന്നറിയിപ്പ് (അലാറം) എത്താതിരുന്നതിൽ അസ്വാഭാവികതയില്ലെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു. പണം സൂക്ഷിച്ചിരിക്കുന്ന പ്രധാന ട്രേയിൽ ബലപ്രയോഗം നടന്നാൽ മാത്രമാണ് അലാറം പ്രവർത്തിക്കുകയുള്ളൂ എന്നാണ് ഇവർ നൽകുന്ന വിശദീകരണം.
ഇതേ എടിഎം കൗണ്ടറിൽ മുൻപും സമാനമായ മോഷണശ്രമങ്ങൾ നടന്നിട്ടുണ്ട്. അന്ന് ദേശീയപാതയോരത്ത് കണ്ടെയ്നർ ലോറി മറയാക്കി പാർക്ക് ചെയ്ത ശേഷമാണ് ഹരിയാന സ്വദേശികൾ മോഷണം നടത്തിയത്.
തുടർന്ന് ഏറെ സാഹസികമായ നീക്കത്തിലൂടെയാണ് പുതുക്കാട് പൊലീസ് അന്ന് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

