കോട്ടയം-കോഴഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും തമ്മിലുള്ള മത്സരയോട്ടം വലിയ പ്രതിസന്ധിയാകുന്നു. തൊട്ടു മുൻപിൽ ശരം വിട്ട
പോലെയാണു കെഎസ്ആർടിസി ബസുകൾ പോകുന്നതെന്നും ഇത് മത്സര ഓട്ടത്തിന് വഴി വയ്ക്കുന്നതായും ഒപ്പം വരുമാന നഷ്ടത്തിനും കാരണമാകുന്നതായും സ്വകാര്യ ബസ് ഉടമകൾ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രശ്നം അതിരൂക്ഷമാണ്.
ഈ പ്രതിസന്ധി തുടർന്നാൽ ഭാവിയിൽ സർവീസുകൾ പൂർണ്ണമായി നിർത്തേണ്ടി വരുമെന്നാണ് ഉടമകൾ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ 2024 ഓഗസ്റ്റിലാണ് കോട്ടയം, പുതുപ്പള്ളി, തോട്ടയ്ക്കാട്, കറുകച്ചാൽ, മല്ലപ്പള്ളി, വെണ്ണിക്കുളം, പുല്ലാട്, കോഴഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി 14 ചെയിൻ സർവീസ് ആരംഭിച്ചത്.
കോട്ടയത്തു നിന്നും കോഴഞ്ചേരിയിലേക്ക് ഒരേ സമയത്ത് പുറപ്പെടുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളുമുണ്ട്. ഇതിനുപുറമേ വിവിധ റൂട്ടുകളിൽ നിന്നു കറുകച്ചാൽ ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകളുമുണ്ട്.
ഇവയെല്ലാം ഒന്നിച്ച് നിരത്തിൽ ഇറങ്ങുന്നതോടെ ആളെ കയറ്റാനായി മത്സരിച്ച് പായുകയാണ്. നാലോ അഞ്ചോ മിനിറ്റ് വ്യത്യാസത്തിൽ പുറപ്പെടുന്ന ബസുകൾ കാരണം നിരത്തുകളിൽ തർക്കവും മത്സരയോട്ടവും സ്ഥിരമായി മാറിയിരിക്കുന്നു.
ഈ മത്സരയോട്ടത്തിന്റെ യഥാർത്ഥ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. സമയം പാലിക്കാതെ നിരത്തിലിറങ്ങുന്ന ബസുകൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്.
ഒരു ബസ് സ്റ്റോപ്പിൽ വാഹനം നിർത്തിയാൽ തൊട്ടുപിന്നാലെ എത്തുന്ന ബസ് അവിടെ നിർത്താതെ പോകുകയോ അല്ലെങ്കിൽ യാത്രക്കാരെ റോഡിന് മുന്നിലേക്ക് മാറ്റിയിറക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ട്. അപകടകരമായ രീതിയിൽ റോഡിലെ വളവുകളിൽ പോലും മറ്റു വാഹനങ്ങളെ മറികടക്കുന്നത് പതിവായിരിക്കുകയാണ്.
കൂടാതെ, ബസ് സ്റ്റാൻഡുകളിൽ സമയം സംബന്ധിച്ച് ജീവനക്കാർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടാകാറുണ്ട്. കോട്ടയം – കോഴഞ്ചേരി റോഡിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ച കാലം മുതലാണ് ഇത്തരം മത്സര ഓട്ടങ്ങൾക്കു തുടക്കമായത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കോട്ടയം – കോഴഞ്ചേരി ചെയിൻ സർവീസിൽ ആകെ 14 സർവീസുകളാണ് ഉണ്ടായിരുന്നത്.
ഇതിൽ ചില സർവീസുകൾ സാങ്കേതിക തകരാറുകൾ കാരണം സർവീസ് നടത്താതെ കിടക്കുകയായിരുന്നു. നിലവിൽ ഈ തടസ്സങ്ങളെല്ലാം പരിഹരിച്ച് എല്ലാ ബസുകളും വീണ്ടും സർവീസിൽ പ്രവേശിച്ചിട്ടുണ്ട്.
കോട്ടയത്തു നിന്നും കോഴഞ്ചേരിയിൽ നിന്നും 7 ബസുകൾ വീതം 20 മിനിറ്റ് ഇടവിട്ടാണ് നിലവിൽ സർവീസ് നടത്തുന്നതെന്നും പുതിയ സർവീസുകൾ ഒന്നുംതന്നെ പുതുതായി ആരംഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ചെയിൻ സർവീസിലെ എല്ലാ ബസുകളും പ്രിയദർശിനി ഓർഡിനറികളാണ്.
എന്നാൽ കെഎസ്ആർടിസിയുടെ വാദങ്ങളെ എതിർത്ത് സ്വകാര്യ ബസ് ഉടമകൾ രംഗത്ത് എത്തിയിട്ടുണ്ട്. റിന്റു ആന്റണി, കല്ലൂപ്പറമ്പിൽ, തോട്ടയ്ക്കാട് എന്ന സ്വകാര്യ ബസ് ഉടമയുടെ പ്രതികരണം ഇങ്ങനെയാണ്: “ദിവസം 1000 രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ട്.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ ഉണ്ടായ വരുമാന നഷ്ടത്തെക്കാൾ കൂടുതലാണിത്. ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞത് സ്വകാര്യ ബസ് സർവീസുകളുടെ മുൻപിൽ 10 മിനിറ്റ് ഇടവേള നൽകി മാത്രമേ കെഎസ്ആർടിസി സർവീസുകൾ നടത്തുകയുള്ളൂ.
എന്നാൽ ഈ തീരുമാനം കാറ്റിൽ പറത്തിയാണ് കോട്ടയം – കോഴഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തുന്നത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

