ശ്രീഹരിക്കോട്ട: നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ.
ഉപഗ്രഹം നിശ്ചയിച്ചിരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി എത്തിയെന്ന് ചെയർമാൻ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൗത്യത്തിൽ പങ്കാളിയായ ഐഎസ്ആർഒ ജീവനക്കാരടക്കമുള്ളവരെ ചെയർമാൻ വി നാരായണൻ അഭിനന്ദിച്ചു. ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി നടക്കുമെന്നും ചെയർമാൻ അറിയിച്ചു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാനിലേക്ക് കൂടുതൽ അടുത്തു എന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ ജിഎസ്എൽവി ദൗത്യം കഴിഞ്ഞ് വെറും 56 ദിവസത്തിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണെന്ന് ചെയർമാൻ വ്യക്തമാക്കി.
ഈ വിജയത്തോടെ, നാവിക് ശൃംഖല മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ 4 ഉപഗ്രഹങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. വിദേശ സഹായമില്ലാതെ ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷൻ, സമയവിവരങ്ങൾ എന്നിവ നൽകുന്ന ഒരു പ്രധാന തന്ത്രപ്രധാന ആസ്തിയാണ് നാവിക്.
ഇത് സാധാരണക്കാരുടെ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. ഗഗൻ, നാവിക് എന്നീ സംവിധാനങ്ങളിലൂടെ ആഗോള നാവിഗേഷൻ രംഗത്തേക്ക് ഇന്ത്യ വലിയൊരു സംഭാവനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബർ നാല് തീയതിയിൽ ജിഎസ്എൽവി എഫ് 17 വഴി ഇഒഎസ് 05 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചിരുന്നു. അത് ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
ഈ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമാണിത്, ഇതിൽ നിന്ന് വളരെ കൃത്യമായ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെയർമാൻ വി നാരായണൻ അറിയിച്ചു. ജിഎസ്എൽവി എഫ് 18 ദൗത്യ വിജയം ഐഎസ്ആർഒ കുടുംബത്തിനും രാജ്യത്തിനും ഏറെ പ്രത്യേകതയുള്ള നിമിഷമാണെന്ന് പ്രൊജക്ട് ഡയറക്ടറും ജിഎസ്എൽവി മിഷൻ ഡയറക്ടറുമായ തോമസ് കുര്യൻ പറഞ്ഞു.
ഐഎസ്ആർഒയിലെ വിവിധ ടീമുകളുടെ കഠിനാധ്വാനവും പൂർണമായ സഹകരണവമാണ് ഇത്തരത്തിലുള്ള വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

