സംസ്ഥാന സ്കൂള്‍ കായിക മേളയിൽ പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം.
2019-ന് ശേഷം കായിക മേളയിൽ പത്തനംതിട്ട നേടുന്ന ആദ്യ സ്വർണ്ണ മെഡൽ സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിലാണ് സ്വന്തമാക്കിയത്.
കോഴിക്കോട് എന്‍.ഐ.ടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 15.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് മാത്യു വര്‍ഗീസ് കോശി പത്തനംതിട്ടയ്ക്കായി ചരിത്ര വിജയം കുറിച്ചത്. കണ്ണൂര്‍ സെന്റ് കോര്‍ണേലിയസ് എച്ച്.എസ് കോളയാടിലെ തേജസ് പ്രദീപിനാണ് മത്സരത്തിൽ വെള്ളി മെഡൽ.
കഴിഞ്ഞ വര്‍ഷത്തെ സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ മാത്യു വെങ്കല മെഡൽ കരസ്ഥമാക്കിയിരുന്നു. കുളനട
സ്വദേശിയായ മാത്യു, പഞ്ചായത്ത് എച്ച്.എസ്.എസ് കുളനടയിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാത്യുവിന്റെ സഹോദരന് ക്രിസ്റ്റോ ജോര്‍ജ് കോശി 2023-ൽ സംസ്ഥാന കായിക മേളയില്‍ ഷോട്ട്പുട്ടിൽ മത്സരിച്ചിരുന്നുവെങ്കിലും പരിക്കുകാരണം മെഡൽ നേടാൻ സാധിച്ചിരുന്നില്ല.
അന്ന് ക്രിസ്റ്റോ മത്സരത്തിന് ഉപയോഗിച്ച ജഴ്സി ഈ കായിക മേളയിൽ മാത്യുവിന് കൈമാറുകയായിരുന്നു. ആ ജഴ്സി ധരിച്ചാണ് മാത്യു കോഴിക്കോട് മത്സരത്തിനിറങ്ങിയത്.
ഷോട്ട്പുട്ടിന് പുറമെ ഡിസ്കസ് ത്രോയിലും മാത്യു മികച്ച പ്രകടനം കാഴ്ചവെച്ചു. 39.86 മീറ്റര്‍ ദുരം കണ്ടെത്തി ഡിസ്കസ് ത്രോയില്‍ വെള്ളി മെഡലും താരം സ്വന്തമാക്കി.
ഇതോടെ കായിക മേളയിൽ പത്തനംതിട്ടയുടെ രണ്ട് മെഡലുകളും ഈ യുവതാരത്തിന്റെ പേരിലായി മാറി. “ചേട്ടന്റെ ജഴ്സിയിട്ട് മത്സരിക്കുമ്പോള്‍ ഒരു പ്രത്യേക ആത്മവിശ്വാസം ലഭിക്കാറുണ്ട്.
അത് ധരിച്ച് മത്സരിച്ചപ്പോള്‍ ജില്ലാ തലങ്ങളില്‍ മുന്നിലെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, സംസ്ഥാന തലത്തില്‍ ഇതാദ്യമായിട്ട് മികച്ച റിസള്‍ട്ടുണ്ടായി.
പത്തനംതിട്ടയെ മെഡല്‍ പട്ടികയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട”് – മാത്യു വര്‍ഗീസ് കോശി പറഞ്ഞു. മൈലപ്ര ഐ.ടി.ഐയിലെ അധ്യാപകനായ ബിജു ജോര്‍ജ് കോശിയുടേയും ജയ് മോള് ജോര്‍ജിന്റെയും മകനാണ് മാത്യു വര്‍ഗീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

