തെക്കൻ ആൻഡമാൻ കടലിനും സമീപത്തുള്ള ആൻഡമാൻ- നിക്കോബാർ ദ്വീപുകൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ഒക്ടോബർ 31-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ- നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയ്ക്ക് മുകളിലായി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് വരുന്ന രണ്ട് ദിവസങ്ങളിൽ ഇത് ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ, വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കൻ മധ്യപ്രദേശിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി നിലനിൽക്കുന്നുണ്ട്.
നവംബർ 1 മുതൽ 3 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കൂടാതെ, ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

