ലഖ്നൗ: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി പുതിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്നെ പുതിയ എക്സിക്യൂട്ടീവ് സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാല് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ആദ്യമായാണ് ബ്രിജ് ഭൂഷണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക സംഘടനാ സമിതിയിൽ അംഗത്വം ലഭിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിയുടെ നേതൃത്വത്തിലാണ് പുതിയ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. നേരത്തെ 184 അംഗങ്ങൾ ഉണ്ടായിരുന്ന സമിതി വിപുലീകരിച്ച് 712 അംഗങ്ങളാക്കി മാറ്റി.
ഇതിൽ 134 പ്രത്യേക ക്ഷണിതാക്കളും 30 സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി (വാരാണസി പ്രതിനിധിയായി), മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി തുടങ്ങിയവരും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
കിഴക്കൻ ഉത്തർപ്രദേശിലെ ഗോണ്ട, കൈസർഗഞ്ച്, ബഹ്റൈച്ച് തുടങ്ങിയ മേഖലകളിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള നേതാവാണ് ബ്രിജ് ഭൂഷൺ. ഗോണ്ട
ജില്ലയിൽ നിന്ന് സമിതിയിലേക്ക് തിരഞ്ഞെടുത്ത ഏഴ് ബിജെപി നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബ്രിജ് ഭൂഷണ് ടിക്കറ്റ് നൽകിയിരുന്നില്ല.
പകരം അദ്ദേഹത്തിന്റെ ഇളയ മകൻ കരൺ ഭൂഷൺ സിംഗ് ആണ് കൈസർഗഞ്ചിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഓഗസ്റ്റ് ആദ്യവാരം ഡൽഹി കോടതി ബ്രിജ് ഭൂഷണിനെ കുറ്റവിമുക്തനാക്കിയിരുന്നു.
കോടതി വിധി അനുകൂലമായതോടെയാണ് അദ്ദേഹത്തെ സംഘടനാ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി തീരുമാനിച്ചത്. എന്നാൽ, ഈ വിധിക്കെതിരെ പരാതിക്കാരായ ഗുസ്തി താരങ്ങൾ സമർപ്പിച്ച അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
ലഖ്നൗവിൽ ചേരുന്ന വിപുലീകരിച്ച സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. 2027 തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രൂപീകരിക്കുകയാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

