ദേശീയ തലസ്ഥാനത്ത് വീണ്ടും യമുനാ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുന്നു. നദിയിലെ മലിനീകരണം ഗണ്യമായി കുറഞ്ഞുവെന്ന അവകാശവാദവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
വ്യാഴാഴ്ച സോണിയ വിഹാർ ഘട്ടിൽ എത്തിയാണ് ഈസ്റ്റ് ദില്ലി എംപിയായ മനോജ് തിവാരി യമുനയിൽ മുങ്ങിക്കുളിക്കുകയും നദിയിലെ വെള്ളം കുടിച്ചു കാണിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെയും യമുനയിൽ മുങ്ങിക്കുളിക്കാൻ അദ്ദേഹം പരസ്യമായി ക്ഷണിച്ചു.
ജനങ്ങൾക്ക് ഇനി മുതൽ ആശങ്കകളില്ലാതെ യമുനയിൽ ഛത് പൂജ ആഘോഷങ്ങൾ വീണ്ടും നടത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “കെജ്രിവാൾ ജി ഓർ രാഹുൽ ഗാന്ധി ജി, യഹ് റീൽ നഹീം, ഹക്കീഖത്ത് ഹൈ। യഹ് ദില്ലി കി ഹീ യമുന ജീ ഹൈൻ। ആജ് മൈંને യഹാൻ സ്നാൻ ഭീ കിയ ഓർ ആചമൻ ഭീ കിയ। കെജ്രിവാൾ ജി രാഹുൽ ഗാന്ധി ജി ആപ് കബ് ആ രഹേ ഹോ ഡുബ്കി ലഗാനേ?” – എന്ന് മനോജ് തിവാരി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
നദിക്കരയിലെ ദേശാടനപക്ഷികളുടെ സാന്നിധ്യം യമുനയുടെ സ്ഥിതി മെച്ചപ്പെട്ടുവെന്നതിന്റെ തെളിവാണെന്നും നദി മലിനമായിരുന്നെങ്കിൽ ഇത്തരം പക്ഷികൾ ഇവിടെയെത്തില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുദ്ധമായ വെള്ളത്തിൽ മാത്രമേ മുതലകളെ കാണാൻ സാധിക്കൂ എന്നും നദിയിൽ മുതലകളുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുൻകാലങ്ങളിൽ നദി മലിനമാകുന്നതിൽ ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് എഎപി സർക്കാർ ശ്രമിച്ചതെന്നും എന്നാൽ ബിജെപി അധികാരമേറ്റ് ഒന്നര വർഷത്തിനുള്ളിൽ നദിയുടെ പകുതി ഭാഗവും വൃത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബാക്കി പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നും കഴിഞ്ഞ 27 വർഷക്കാലം കൊണ്ട് കോൺഗ്രസിനും എഎപിക്കും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ് ബിജെപി സർക്കാർ രണ്ട് വർഷം കൊണ്ട് നടപ്പിലാക്കിയതെന്നും ബിജെപി ദില്ലി ഘടകം വ്യക്തമാക്കി.
എന്നാൽ, ബിജെപിയുടെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ആം ആദ്മി പാർട്ടി രംഗത്തെത്തി. മനോജ് തിവാരി മുങ്ങിക്കുളിച്ചത് നദിയുടെ താരതമ്യേന വൃത്തിയുള്ള ഒരു ഭാഗത്താണെന്ന് ദില്ലി എഎപി അധ്യക്ഷൻ സൗരവ് ഭരദ്വാജ് പ്രതികരിച്ചു.
ബിജെപിക്ക് ദില്ലിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും എഎപി സർക്കാരിന്റെ കാലത്ത് ഈ പ്രദേശം ഇതിലും കൂടുതൽ വൃത്തിയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ സ്ഥിതി അറിയാൻ കാളിന്ദി കുഞ്ച് ഘാട്ടിൽ വന്ന് വെള്ളം കുടിക്കാൻ തയ്യാറാണോ എന്ന് വെല്ലുവിളിച്ച സൗരവ് ഭരദ്വാജ്, ജലവിഭവ മന്ത്രി പർവേശ് വർമ്മയും മനോജ് തിവാരിയും കഴിഞ്ഞ വർഷവും ഈ വെല്ലുവിളിയിൽ നിന്ന് പിൻവാങ്ങിയിരുന്നതായും ഈ വർഷവും അവർ ഇതിൽ നിന്നും ഒളിച്ചോടുമെന്നും ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

