എഫ്സിആർഎ നിയമ ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) കൊച്ചിയിലെ സിറ്റിങ്ങിൽ കേരളത്തിലെ പ്രധാന സഭകൾക്ക് ക്ഷണമില്ലാത്തതിൽ കടുത്ത അതൃപ്തി. കൊച്ചിയിലെ സിറ്റിംഗിൽ പങ്കെടുപ്പിക്കുന്നതിന് പകരം സഭാ പ്രതിനിധികളോട് ഷില്ലോങ്ങിലേക്ക് എത്താൻ നിർദ്ദേശിച്ചുവെന്നാണ് പ്രധാന ആക്ഷേപം.
ഈ നടപടി യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ആന്റോ ആന്റണി എംപി തുറന്നടിച്ചു. കേരളത്തിലുള്ള സഭകളുടെ അഭിപ്രായങ്ങൾ കേരളത്തിൽ വച്ച് തന്നെ കേൾക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
നവംബർ നാല് തീയതിയാണ് എഫ്സിആർഎ നിയമ ഭേദഗതി ബിൽ പരിശോധിക്കുന്ന ജെപിസിയുടെ കൊച്ചിയിലെ സിറ്റിങ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കാഞ്ഞിരപ്പള്ളി, പാലാ, തലശേരി, എറണാകുളം-അങ്കമാലി രൂപതകൾക്ക് കൊച്ചി സിറ്റിംഗിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല.
പകരം ഈ സഭാ പ്രതിനിധികളോട് നവംബർ രണ്ടാം തീയതി മേഘാലയയിലെ ഷില്ലോങ്ങിൽ നടക്കുന്ന സിറ്റിംഗിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലുള്ള സഭകളുടെ നിലപാടുകൾ ഇവിടെ വെച്ചുതന്നെ കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി ജെപിസി ചെയർമാന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
നവംബർ നാലിന് കൊച്ചിയിൽ സിറ്റിംഗ് നടക്കുമ്പോൾ, തൊട്ടുമുമ്പ് രണ്ടാം തീയതി സഭാ പ്രതിനിധികൾ മേഘാലയയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി. ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ ആവശ്യപ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിൽ സമിതി സിറ്റിംഗുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

