സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ രംഗത്ത്. ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിച്ചത് തികഞ്ഞ അനൗചിത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ലഭിക്കുന്ന വർധിപ്പിച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പില്ലെന്നും, നേമം മണ്ഡലത്തിലെ അർഹരായ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി പൂർണ്ണമായും വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശാ വർക്കർമാർക്കും പിഎസ്സി ഉദ്യോഗാർത്ഥികൾക്കും അർഹമായ നീതി ഉറപ്പാക്കാൻ തയ്യാറാകാത്ത സർക്കാർ, ജനപ്രതിനിധികളുടെ വേതനം മാത്രം വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിൽ ഭരണ-പ്രതിപക്ഷ മുന്നനികൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിൽ പൂർണ്ണ സമവായത്തോടെയാണ് ശമ്പള വർധനവിനുള്ള ബിൽ പാസാക്കിയത്. മുൻ എംഎൽഎമാരുടെ പെൻഷനും ഈ ബില്ലിലൂടെ വർധിപ്പിച്ചിട്ടുണ്ട്.
സഭയിൽ യാതൊരുവിധ തർക്കങ്ങളോ വിയോജനക്കുറിപ്പോ ഇല്ലാതെയായിരുന്നു തീരുമാനം. 2018 ലാണ് ഇതിനുമുമ്പ് സമാനമായ രീതിയിൽ വേതന പരിഷ്കരണം നടപ്പിലാക്കിയിരുന്നത്.
ഉയർന്ന ജീവിതച്ചെലവും പ്രവർത്തന ഭാരവും ചൂണ്ടിക്കാണിച്ചാണ് അംഗങ്ങൾ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പുതിയ ഭേദഗതി പ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്.
കൂടാതെ, പലിശരഹിത വാഹന വായ്പ 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയായും ഭവന വായ്പ 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായും വർധിപ്പിച്ചു. പ്രതിവർഷ ഇന്ധന കൂപ്പൺ പരിധി 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തി.
മുൻ എംഎൽഎമാരുടെ പരമാവധി പെൻഷൻ 50,000 രൂപയിൽ നിന്ന് 60,000 രൂപയായും ഇന്ധന അലവൻസ് ഒന്നര ലക്ഷം രൂപയായും കൂട്ടിയിട്ടുണ്ട്. കാബിനറ്റ് അംഗീകാരത്തിന് ശേഷം അതിവേഗം ഗവർണറുടെ അനുമതിയും നേടിയാണ് ബിൽ പാസാക്കിയത്.
എന്നാൽ മറ്റ് വിവിധ വിഭാഗക്കാരുടെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കപ്പെടുമ്പോൾ ജനപ്രതിനിധികൾക്കായി നടപ്പിലാക്കിയ ഈ മിന്നൽ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

