പ്രശസ്ത സംവിധായകൻ രമേഷ് വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘മഹാവീർ കർണ്ണ’യുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ നായകനായ രാഘവ ലോറൻസിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ റിലീസ്.
ഇതിഹാസ യോദ്ധാവായ കർണ്ണന്റെ വേഷത്തിൽ എത്തുന്ന നടന്റെ മാസ് ലുക്കിലുള്ള പോസ്റ്ററാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗഡ അവതരിപ്പിക്കുന്ന ഈ ചിത്രം, ആർവി സ്റ്റുഡിയോസിൻ്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിൻ്റെയും സംയുക്ത സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്.
‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രമേഷ് വർമ്മയാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ഏകദേശം 150 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് തിയറ്ററുകളിൽ എത്തുക.
2027 ൽ ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക വിവരം. പുരാതന സാമ്രാജ്യങ്ങളുടെയും യുദ്ധഭൂമികളുടെയും പശ്ചാത്തലത്തിൽ, വമ്പൻ സെറ്റുകളുടെ പ്രൗഢിയും അത്യാധുനിക വിഎഫ്എക്സിന്റെ സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടാണ് കർണ്ണന്റെ ലോകം സ്ക്രീനിൽ ഒരുങ്ങുന്നത്.
വൈകാരികതയ്ക്കും ആക്ഷനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക. ചിത്രത്തിന്റെ മറ്റ് താരനിരയെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
അവതരണം: ജയന്തിലാൽ ഗഡ (പെൻ മൂവീസ്), ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, സംവിധാനം, വിഎഫ്എക്സ്: രമേഷ് വർമ്മ, സംഭാഷണം: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ), എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

